ന്യൂഡെൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് തലസ്‌ഥാന നഗരി വിടചൊല്ലും. യെച്ചൂരിയുടെ മൃതെദേഹം രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ സിപിഎം ആസ്‌ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് അഞ്ചിന് 14 അശോക റോഡ് വരെ വിലാപയാത്രയായി നീങ്ങും.
തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്ക് കൈമാറും. മൂന്നുതവണ വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായിരുന്ന ജവഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ നിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ ഇന്നലെ വൈകിട്ട് 4.56ന് യെച്ചൂരിയുടെ മൃതദേഹം എത്തിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രിയ നേതാവിന് ക്യാമ്പസ് യാത്രയയപ്പ് നൽകിയത്.
വിദ്യാർഥി യൂണിയൻ പ്രതിനിധികൾക്ക് പിന്നാലെ വിവിധ സംഘടനാ പ്രതിനിധികളും പൂർവവിദ്യാർഥികളും അധ്യാപകരും യെച്ചൂരിക്ക് ആദരമർപ്പിച്ചു. വൈകിട്ട് ആറിന് ഡെൽഹി വസന്ത് കുഞ്ഞിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.
ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 19 മുതൽ എയിംസിൽ ചികിൽസയിലായിരുന്നു. നില വഷളായതോടെ വ്യാഴാഴ്‌ചയാണ് സീതാറാം യെച്ചൂരി മരിച്ചത്. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചിരുന്ന യെച്ചൂരി 2015ലാണ് ജനറൽ സെക്രട്ടറി പദവിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്