ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യരാഷ്ട്ര സഭ (യുഎൻ) യുടെ പിന്തുണയും. ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നും അത് സർക്കാരുകൾ അംഗീകരിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.
ഇന്ത്യയിലെ സമരത്തെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു ആളുകള്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടന്നും ഭരണകൂടങ്ങൾ അത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞത്. വിഷയത്തിൽ വിദേശ നേതാക്കൾ ഇടപെടുന്നതിനെതിരെ ഇന്ത്യ വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് യുഎൻ വക്താവിന്റെ പ്രതികരണം.
ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദേശ നേതാക്കൾ ഇടപെടേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള വിദേശ നേതാക്കളുടെ പ്രതികരണത്തെ ‘വിവരമില്ലാത്തതും’ ‘അനാവശ്യവും’ എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.
ഡെൽഹിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ്. ഇതിന് പിന്നാലെ ട്രൂഡോ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധമറിയിക്കാൻ കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും ട്രൂഡോ തന്റെ നിലപാടിൽ ഉറച്ചു നിന്നു. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്ക് ഒപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്തമാക്കിയിരുന്നു.
Also Read: തൃണമൂൽ എംഎൽഎയുടെ കൊലപാതകം; കുറ്റപത്രത്തിൽ ബിജെപി നേതാവ് മുകുൾ റോയിയുടെ പേരും







































