ചണ്ഡീഗഡ്: ഹരിയാന ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്‌ചിത കാലത്തേക്ക് എസ്‌പി ഓഫിസ് ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്‌റ്റ് ചെയ്യുക, പോലീസ് കസ്‌റ്റഡിയിൽ എടുത്തവരെ വിട്ടയക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഹരിയാനയിലെ കര്‍ഷക സംഘടനകളും ഇന്ന് പ്രതിഷേധിക്കും. സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ യോഗം നാളെ സിംഗു അതിര്‍ത്തിയില്‍ ചേരുന്നുണ്ട്. കര്‍ഷക സമരം ഒരു വര്‍ഷം തികയുന്ന നവംബര്‍ 26ലെ പ്രതിഷേധ പരിപാടികള്‍ക്ക് നാളെ ചേരുന്ന യോഗം രൂപം നല്‍കും.
ബിജെപി എംപി രാം ചന്ദർ ജാംഗ്രക്ക് നേരെയുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരം നടത്തുന്ന കര്‍ഷകര്‍ തൊഴിലില്ലാതെ നടക്കുന്ന മദ്യപാനികളാണെന്ന എംപിമാരുടെ പരാമര്‍ശത്തിന് എതിരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്.
ഹിസാറിൽ ബിജെപി പരിപാടിക്ക് എത്തുന്നതിനിടെ രാം ചന്ദർ ജാംഗ്രയുടെയും സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു. മുദ്രാവാക്യങ്ങളുമായി എത്തിയ കർഷകർ എംപിക്കുനേരെ കരിങ്കൊടി കാണിച്ചു.
പോലീസും കർഷകരുമായുള്ള സംഘർഷത്തിനിടെ എംപിയുടെ കാറിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. തന്റെ കാറിന് കേടുപാടുകൾ വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചില കർഷകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Most Read: തമിഴ്‌നാട്ടിൽ ദുരിത പെയ്‌ത്ത്; വെള്ളത്തിൽ മുങ്ങി ചെന്നൈ നഗരം