ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നയിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നെങ്കിലും ചര്‍ച്ചക്ക് അമിത് ഷാ എത്തില്ല. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചക്ക് നേതൃത്വം നല്‍കും എന്നാണ് റിപ്പോര്‍ട്ട്. കര്‍ഷകരുമായി ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചര്‍ച്ച നടത്തുമെന്ന് കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചിരുന്നു.
രാജ്‌നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരോടൊപ്പം ഏതാനും മന്ത്രിമാരും കൃഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. പ്രക്ഷോഭത്തിന്റെ രൂക്ഷത കണക്കിലെടുത്താണ് ഡിസംബര്‍ 3ന് നടത്താമെന്നേറ്റ യോഗം ഇന്നത്തേക്ക് മാറ്റിയത്. അതേസമയം എന്തുകൊണ്ടാണ് അമിത് ഷാ യോഗത്തിന് എത്താത്തത് എന്നതില്‍ വ്യക്‌തതയില്ല.
ഡെല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപൂരില്‍ ട്രാക്‌ടര്‍ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. സമരത്തില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കഴിഞ്ഞ ആറ് ദിവസമായി വിഫലമായിക്കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ അടിച്ചമര്‍ത്തലിന് വഴങ്ങുകയില്ലെന്നും ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്നുമുള്ള ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
Read also: കര്‍ഷക സമരം; ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കും







































