ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക ബില്ലിനെതിരെ രാജ്യ തലസ്‌ഥാനത്ത് കര്‍ഷര്‍ നടത്തുന്ന പ്രക്ഷോഭം 37ആം ദിവസത്തിലേക്ക് കടന്നു. വിവാദ ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കര്‍ഷക സംഘടനകള്‍.
ബദല്‍ നിര്‍ദ്ദേശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കര്‍ഷക സംഘടനകള്‍ തള്ളി. നിയമം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് അറിയിച്ച് സംഘടനകള്‍ സര്‍ക്കാരിന് കത്ത് നല്‍കി.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തിലും നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സമവായം ഉണ്ടായില്ല. അതേസമയം കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്‌ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.
നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി 4ന് നടക്കും.
അതേസമയം, പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും രാജ്യം പുതുവര്‍ഷത്തെ വരവേറ്റപ്പോള്‍ ഡെല്‍ഹി അതിര്‍ത്തിയില്‍ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ സ്‌മരണക്ക് മുന്നില്‍ ദീപാജ്‌ഞലി അര്‍പ്പിച്ചാണ് കര്‍ഷകര്‍ പുതുവര്‍ഷം ആഘോഷിച്ചത്. പുതുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കര്‍ഷകര്‍ പറയുന്നു.
Read also: രജനികാന്തിനെതിരെ പ്രതിഷേധം; ആരാധകന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു







































