ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരേ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം തുടരുന്ന കർഷക നേതൃത്വത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ ബ്ളോക്ക് ചെയ്തു. കേന്ദ്ര സർക്കാരിന് എതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഒരു തൽസമയ വീഡിയോ പേജിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് ‘കിസാൻ ഏകതാ മോർച്ച‘ പേജ് അപ്രത്യക്ഷമായതെന്ന് കർഷകർ അറിയിച്ചു.
മൂന്ന് മണിക്കൂറിന് ശേഷം അക്കൗണ്ട് തിരികെ ലഭിക്കുകയും ചെയ്തു. ഫേസ്ബുക്ക് കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് തങ്ങളുടെ അക്കൗണ്ട് ബ്ളോക്ക് ചെയ്തതെന്ന് കിസാൻ ഏകതാ മോർച്ച പേജിന്റെ അണിയറക്കാർ പറഞ്ഞു.
ഫേസ്ബുക്ക് നടപടിയിൽ പ്രതിഷേധിച്ച് കർഷകർ സോഷ്യൽ മീഡിയകളിലൂടെ വലിയ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ കിസാൻ ഏകതാ മോർച്ചയുടെ പേജ് പുന:സ്ഥാപിച്ചതായും നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നതായും ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ കർഷകർ അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം തുടങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് തൽസമയ വീഡിയോയിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പേജുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മോദിയുടെ അടുത്ത മൻകീബാത്ത് സംപ്രേക്ഷണം ചെയ്യുമ്പോൾ കർഷകർ പാത്രങ്ങൾ കൊട്ടി പ്രതിഷേധിക്കണമെന്നും യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടിരുന്നു.
Read Also: കർഷക സംഘടനകളെ കേന്ദ്രം വീണ്ടും ചർച്ചക്ക് വിളിച്ചു; സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക്






































