ന്യൂഡെൽഹി: കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്‌ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സമരമുഖത്തുള്ള നാൽപ്പതോളം സംഘടനകൾക്ക് കൃഷിമന്ത്രാലയം നോട്ടീസ് അയച്ചു.
എന്നാൽ നിയമം പിൻവലിക്കില്ലാതെ സമരം നിർത്തില്ലെന്നും കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കാമെന്നുമുള്ള തീരുമാനത്തിലാണ് സംഘടനകൾ. പ്രതിഷേധം കൂടുതൽ ശക്‌തമാക്കാനാണ് ഇവരുടെ തീരുമാനം. രാജ്യത്ത് ഉടനീളം കർഷകർ ഇന്ന് റിലേ നിരാഹാര സമരം നടത്തും. രാജസ്‌ഥാൻ അതിർത്തിയിലേക്കുള്ള അഖിലേന്ത്യാ കിസാൻ സഭയുടെ മാർച്ച് ഇന്ന് നാസിക്കിൽ നിന്നും തുടങ്ങും. ഈ മാസം 24ന് മാർച്ച് രാജസ്‌ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലെത്തും.
ഏകതാ പരിഷത്തിന്റെ കർഷക മാർച്ചും ദില്ലിയിൽ എത്തിയിട്ടുണ്ട്. ബുധനാഴ്ച്ച കിസാൻ ദിവസിന്റെ ഭാഗമായി ജനങ്ങളോട് ഉച്ചഭക്ഷണം ഉപേക്ഷിച്ച് സമരത്തെ പിന്തുണക്കാൻ കർഷകർ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഞാറാഴ്‌ച മൻ കീ ബാത് നടക്കുമ്പോൾ കൈയ്യടിച്ചും പാത്രം കൊട്ടിയും കർഷകർ പ്രതിഷേധം അറിയിക്കും.
Read Also: ശിവശങ്കറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നടപടി ആരംഭിച്ചു