ന്യൂഡെൽഹി: തൽസമയ വായ്‌പ വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ചൈനീസ് പൗരനെ പോലീസ് പിടികൂടി. ലംബോ എന്ന് വിളിപ്പേരുള്ള സു വിയാണ് അറസ്‌റ്റിലായത്. ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്ന ഇയാളെ ഡെൽഹി പോലീസിന്റെ സഹായത്തോടെ തെലങ്കാന പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ സംഘത്തിൽ ഉണ്ടായിരുന്ന കെ നാഗരാജുവും പിടിയിലായിട്ടുണ്ട്. നാഗരാജു ഇന്ത്യൻ പൗരനാണ്.
മൊബൈൽ ആപ്‌ളിക്കേഷൻ വഴി തൽസമയം വായ്‌പ വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. വ്യത്യസ്‌ത പേരുകളിലെ കമ്പനികൾക്കായി ഇയാൾ ഗുരുഗ്രാമിലും ബെംഗളൂരുവിലും അടക്കം അനധികൃതമായി കോൾ സെന്ററുകൾ നടത്തിയിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി.
ഡിജിറ്റൽ വായ്‌പാ പ്ളാറ്റ്‌ഫോമുകളിൽ വർധിച്ച് വരുന്ന തട്ടിപ്പുകൾക്കെതിരെ പോലീസ് അന്വേഷണം വ്യാപകമാണ്. നേരത്തെ, ബെംഗളൂരുവിലെ കോൾ സെന്ററിൽ നിന്ന് മൂന്ന് പേരെ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഗുഡ്‌ഗാവ്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ഏഴ് കോൾ സെന്ററുകളിൽ നിന്ന് 14 പേരെ ഇതുവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: പുതിയ പാര്‍ലമെന്റ് മന്ദിരം; നിര്‍മ്മാണത്തിന് പാരിസ്‌ഥിതിക അനുമതി







































