കടമക്കുടി കൂട്ട ആത്‍മഹത്യ; ഓൺലൈൻ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്

By Trainee Reporter, Malabar News
Online Fraud Kerala
Representational Image
Ajwa Travels

എറണാകുളം: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലംഗ സംഘം ആത്‍മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിലെ ഓൺലൈൻ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്. വരാപ്പുഴ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മോർഫ് ചെയ്‌ത ചിത്രങ്ങൾ ഉപയോഗിച്ച് വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉണ്ടാകുന്നുവെന്നാണ്‌ പരാതി. ദമ്പതികളുടെ മരണശേഷവും ലോൺ ആപ്പുകൾ ഇവരെ വിടാതെ പിടികൂടിയിരിക്കുകയാണെന്നാണ് ബന്ധുക്കളുടെ പരാതി.

മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്‌ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചു കൊടുത്തത്. ഇന്ന് രാവിലെയും ഫോണിലേക്ക് ഫോട്ടോകൾ എത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. കടമക്കുടി മാടശ്ശേരി നിജോ(39), ഭാര്യ ശിൽപ്പ(29), മക്കൾ ഏബൽ (8), ആരോൺ (6) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു.

രാവിലെ വിളിച്ചിട്ട് വിളികേൾക്കാത്തതിനെ തുടർന്ന് അയൽവാസിയും നിജോയുടെ അമ്മയും മുകളിലെത്തി വാതിൽ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്. മരിച്ച ശിൽപയെ ഓൺലൈൻ ലോൺ ആപ്പുകൾ കെണിയിൽപ്പെടുത്തുക ആയിരുന്നുവെന്നാണ് സൂചന. യുവതി ഓൺലൈനിൽ നിന്ന് വായ്‌പ എടുത്തതാതായാണ് വിവരം.

ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ശേഷം യുവതിക്ക് നിരന്തരം ഭീഷണികൾ ഉണ്ടായതായും, മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തതായാണ് വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിജോയുടെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. കുടുംബത്തിന്റെ മരണശേഷം ശിൽപ്പയുടെ മോർഫ് ചെയ്‌ത അശ്‌ളീല ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് വന്നതോടെയാണ് സംശയം ശക്‌തമായത്.

Most Read| ‘ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കും’; നീക്കവുമായി ‘ഇന്ത്യ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE