തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചാ ഭീഷണിയിലേക്ക് (kerala to go drought) അഞ്ചു വർഷങ്ങൾക്ക് മുൻപ് 2018 ഓഗസ്‌റ്റിൽ ഈ ദിവസങ്ങളിൽ കേരളം പ്രളയക്കെടുതിയിൽ ആയിരുന്നു. എന്നാൽ, അഞ്ചു വർഷങ്ങൾക്കിപ്പുറം നേരെ വ്യത്യസ്‌തമായി വരൾച്ചാ മുനമ്പിലാണ് കേരളം. മൺസൂൺ ആദ്യപകുതി അവസാനിക്കുമ്പോൾ സാധാരണ കിട്ടേണ്ടതിനേക്കാൾ 44 ശതമാനം കുറവ് മഴയാണ് കേരളത്തിൽ കിട്ടിയതെന്നാണ് റിപ്പോർട്ടുകൾ.
ഈ സാഹചര്യത്തിൽ വരൾച്ച (drought) മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടികളിലേക്ക് കേരളം കടക്കണമെന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നത്. വരൾച്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട പഠനം ദുരന്തനിവാരണ അതോറിറ്റി തുടങ്ങി കഴിഞ്ഞു. ഈ വർഷം ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. 60 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിൽ സംഭരണശേഷിയുടെ 32 ശതമാനം മാത്രമാണ് അവശേഷിക്കുന്നത്. ഇടമലയാറിൽ 43 ശതമാനവും മാത്രമാണുള്ളത്.
മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ഓഗസ്‌റ്റിൽ ഇക്കുറി രേഖപ്പെടുത്തിയത് വൻ മഴക്കുറവാണ്. പെയ്യേണ്ട മഴയിൽ 90 ശതമാനം മഴയും പെയ്‌തിട്ടില്ല. ഓഗസ്‌റ്റിൽ 254.6 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്‌ഥാനത്ത് ഈ വർഷം ലഭിച്ചത് വെറും 25.1 ശതമാനം മാത്രമാണ്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം 326.6 മില്ലീമീറ്റർ മഴ ഓഗസ്‌റ്റിൽ ലഭിച്ചു. ഈ വർഷം എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. വയനാട്, കോഴിക്കോട് ജില്ലകളിലടക്കം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
കാലവർഷം സജീവമാകുന്ന ജൂൺ മുതൽ ഓഗസ്‌റ്റ് വരെയുള്ള കണക്കെടുക്കുമ്പോൾ സംസ്‌ഥാനത്താകെ 44 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. പസഫിക് സമുദ്രത്തിൽ രൂപമെടുത്ത താപതരംഗമായ എൽനിനോ എന്ന പ്രതിഭാസമാണ് സംസ്‌ഥാനത്ത് മൺസൂൺ ദുർബലമാക്കിയതെന്നാണ് വിലയിരുത്തൽ. കാലാവർഷക്കാറ്റ് ശക്‌തിപ്പെടാത്തതും മഴ കുറയാൻ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കുറഞ്ഞു നിന്നാൽ സ്‌ഥിതി സങ്കീർണമാകുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ വിലയിരുത്തൽ.
ഓണത്തിന് മുൻപ് സംസ്‌ഥാനത്ത് നേരിയ മഴക്കെ സാധ്യതയുള്ളൂ എന്നാണ് പ്രവചനം. ഇതും ലഭിച്ചില്ലെങ്കിൽ സംസ്‌ഥാനം കടുത്ത വരൾച്ചയിലേക്കും വൈദ്യുതി പ്രതിസന്ധിയിലേക്കും കടക്കുന്ന സാഹചര്യമുണ്ടാകും. ഇതിന് മുൻപ് എൽനിനോ രൂപപ്പെട്ട 2016ലാണ് സംസ്‌ഥാനത്ത് അവസാനമായി വരൾച്ച പ്രഖ്യാപിച്ചത്. എൽനിനോ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വരൾച്ചാ നിർണയ പഠനത്തിലേക്ക് KSDMA കടന്നത്.
മൺസൂൺ മഴക്കുറവ് ഓരോ പ്രദേശത്തെയും എങ്ങനെയാണ് ബാധിച്ചതെന്നാണ് ആദ്യഘത്തിൽ പഠിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട് പൂർത്തിയാകും. വരൾച്ച മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടികൾ ഇപ്പോഴേ തുടങ്ങിയില്ലെങ്കിൽ അടുത്ത വേനൽക്കാലം കേരളത്തിനെ സംബന്ധിച്ച് കടുത്ത പരീക്ഷണമാകും.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!