തിരുവനന്തപുരം: കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പ് നീക്കംചെയ്യൽ ശസ്‌ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. കോസ്‌മറ്റിക് ക്ളിനിക്കിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. ഈ മാസം പത്തിനാണ് രജിസ്ട്രേഷൻ റദ്ദാക്കിയതെന്നാണ് സൂചന. ലൈസൻസിന് വിരുദ്ധമായാണ് ആശുപത്രി പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംഭവത്തിൽ മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട് എത്തിക്‌സ് കമ്മിറ്റി തള്ളിയിരുന്നു. ശസ്‌ത്രക്രിയയിൽ പിഴവ് ഇല്ലെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. രക്‌തസമ്മർദ്ദത്തിൽ മാറ്റം ഉണ്ടായപ്പോൾ യഥാസമയം ചികിൽസ നൽകിയില്ല. വിദഗ്‌ധ ചികിൽസയിൽ കാലതാമസം ഉണ്ടായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ, റിപ്പോർട്ടിൽ വ്യക്‌തത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംഒ, പബ്ളിക് പ്രോസിക്യൂട്ടർ, ഫൊറൻസിക് സർജൻ തുടങ്ങിയവർ ഉൾപ്പെടുന്ന എത്തിക്‌സ് കമ്മിറ്റി വീണ്ടും റിപ്പോർട് നൽകാൻ മെഡിക്കൽ ബോർഡിന് നിർദ്ദേശം നൽകി.
കുടവയർ ഇല്ലാതാക്കാമെന്ന സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് സോഫ്‌റ്റ്‌വെയർ എൻജിനിയറായ നീതു എന്ന യുവതി കഴക്കൂട്ടത്തെ കോസ്‌മറ്റിക് ക്ളിനിക്കിനെ ബന്ധപ്പെടുന്നത്. ഫെബ്രുവരി 22ന് യുവതിക്ക് അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്‌ത്രക്രിയ നടത്തി. പിന്നാലെ വലിയ ശാരീരിക അസ്വസ്‌ഥതകളാണ് യുവതിയെ അലട്ടിയത്.
തൊട്ടടുത്ത ദിവസം ശസ്‌ത്രക്രിയ നടത്തിയ സ്‌ഥലത്ത് അണുബാധയുണ്ടായി. തുടർന്ന് തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 22 ദിവസമാണ് ഇവിടെ വെന്റിലേറ്ററിൽ കിടന്നത്. അനുദിനം അണുബാധ വഷളായി. കൈകാലുകളിലേക്കുള്ള രക്‌തയോട്ടം നിലച്ചു. വിരലുകൾ മുറിച്ചുമാറ്റുകയല്ലാതെ മറ്റു മാർഗമില്ലെന്ന അവസ്‌ഥ വന്നു. കൈകാലുകളിലെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റി.
യുവതിയുടെ ശസ്‌ത്രക്രിയ നടക്കുന്ന സമയത്ത് ക്ളിനിക്കിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാൽ, ചികിൽസാപ്പിഴവ് സംബന്ധിച്ച പരാതി ഉയർന്നതിന് തൊട്ടുപിന്നാലെ ക്ളിനിക്കിന് രജിസ്ട്രേഷൻ നൽകുകയായിരുന്നു. ചികിൽസാ പിഴവ് സംഭവിച്ചുവെന്ന പരാതിയിൽ മാർച്ച് 21നാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ക്ളിനിക്കിനെതിരായ പരാതിയിൽ കലക്‌ടറുടെ ഓഫീസിൽ നിന്ന് ഏപ്രിൽ എട്ടിനും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഏപ്രിൽ 19നും ജില്ലാ മെഡിക്കൽ ഓഫീസിൽ കത്ത് ലഭിച്ചിരുന്നു. എന്നാൽ, ഏപ്രിൽ 29, 30 തീയതികളിൽ നേരിട്ട് ക്ളിനിക്ക് സന്ദർശിച്ച് സ്‌ഥാപനത്തിന്റെ യോഗ്യത നിർണയിച്ച ഉദ്യോഗസ്‌ഥ സംഘം ആറുദിവസത്തിനകം മേയ് അഞ്ചിന് അനുകൂല റിപ്പോർട് നൽകുകയായിരുന്നു. അന്നുതന്നെ നടപടികൾ പൂർത്തിയാക്കി ഓൺലൈനിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അനുവദിച്ചു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ