കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പിതാവിന്റെ സഹോദരൻ അറസ്‌റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കും.
കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. കുട്ടി മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്ത് തന്നെയാണ് സഹോദരനും താമസിച്ചിരുന്നത്. കുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുള്ളത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തിൽ കണ്ട ചില പാടുകളും മുറിവുകളും പോസ്‌റ്റുമോർട്ടം ചെയ്‌ത ഡോക്‌ടർമാർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പോലീസ് തുടർന്ന് ഇക്കാര്യം പുത്തൻകുരിശ് പോലീസിനെ അറിയിച്ചു. ഇതോടെ ഇന്നലെ രാവിലെ മുതൽ കുട്ടിയുടെ അടുത്ത ബന്ധുക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ബന്ധുക്കളായ മൂന്ന് പേരെയായിരുന്നു പോലീസിന് സംശയം. ഇതിൽ രണ്ടുപേരെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. തുടർന്ന് മറ്റുള്ളവർ നൽകിയ മൊഴിയുടെയും പ്രതിയുടെ ചോദ്യം ചെയ്യലിന്റെയും അടിസ്‌ഥാനത്തിൽ ഒരാളെ മാത്രം കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
കുട്ടിയെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്ന കാര്യം അമ്മ അറിഞ്ഞിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്‌തത വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. എന്നാൽ, കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് ഇവർ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല. ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി അമ്മ മൊഴി നൽകിയിരുന്നു.
റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിന് പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പോലീസ് ഇതിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൊലപാതകത്തിന് പിന്നാലെ കുട്ടി പീഡനത്തിന് ഇരയായെന്ന വിവരവും കൂടി പുറത്തുവന്നതോടെ കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം.
സൈബർ വിദഗ്‌ധരും അന്വേഷണ സംഘത്തിലുണ്ട്. കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്ന് താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിക്കുകയാണ്. ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ച് അമ്മ മൂഴിക്കുളത്ത് എത്തുന്നതുവരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Most Read| ‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമശാലയല്ല’; ശ്രീലങ്കൻ പൗരന്റെ ഹരജി തള്ളി