കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞതോടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്ക് തിളക്കമാർന്ന പ്രവർത്തന നേട്ടം കൈവരിച്ചു. 460.26 കോടി രൂപയാണ് അറ്റാദായം. മുൻവർഷത്തെ ക്യു 2 അറ്റാദായത്തെക്കാൾ 50 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. മികച്ച നേട്ടമാണ് ബാങ്ക് കോവിഡ് സാഹചര്യത്തിന് ഇടയിലും നേടിയിരിക്കുന്നത്.
രണ്ടാം പാദ പ്രവർത്തന ലാഭം 864.79 കോടി രൂപയാണ്. അറ്റപലിശ വരുമാനം 7.22 ശതമാനം വർധിച്ച് 1,479.42 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് അനുപാതം 18 ശതമാനം വാർഷിക വളർച്ചയാണ് നേടിയത്. എക്കാലത്തേയും ഉയർന്ന നിരക്കായ 36.16 ശതമാനമാണ് അനുപാതമെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
വിദേശത്ത് നിന്നുള്ള പണമടവിലും സ്വർണ പണയ വായ്പയിലും മറ്റും വലിയ മുന്നേറ്റമാണ് ബാങ്ക് കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ബാങ്കിന്റെ മൊത്തം ബിസിനസ് 9.56 ശതമാനം വളർച്ചയോടെ 3,06,399.38 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം മുൻ വർഷത്തെ 1,56,747.39 കോടിയിൽ നിന്ന് 9.73 ശതമാനം വർധിച്ച് 1,71,994.75 കോടിയായി. മൊത്തം വായ്പകൾ 1,25,208.57 കോടിയിൽ നിന്ന് 1,37,313.37 കോടിയായി ഉയർന്നു.
Read Also: വാണി വിശ്വനാഥ് വീണ്ടും സിനിമാ ലോകത്തേക്ക്; തിരിച്ചുവരവ് ബാബുരാജിനൊപ്പം







































