ബേൺ: ലോക ടെന്നീസിലെ ഇതിഹാസ താരം റോജർ ഫെഡറർക്ക് വരാനിരിക്കുന്ന യുഎസ് ഓപ്പൺ നഷ്ടമാകും. കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് താരം ടൂർണമെന്റിൽ നിന്നും പിൻമാറുന്നത്. പരിക്ക് വഷളായതിനെ തുടർന്ന് ഫെഡറർ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.
യുഎസ് ഓപ്പണിന് ശേഷം നടക്കുന്ന മറ്റ് മൽസരങ്ങളിൽ താരത്തിന് പങ്കെടുക്കാനാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം മാസങ്ങളോളം വിശ്രമം ആവശ്യമാണെന്നാണ് റിപോർട്ടുകൾ. 40കാരനായ ഫെഡററുടെ കരിയറിനെത്തന്നെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.
അഞ്ച് തവണ യുഎസ് ഓപ്പൺ ചാമ്പ്യനായ ഫെഡറർ ഈ വർഷം ആകെ 13 മൽസരങ്ങൾ മാത്രമാണ് കളിച്ചത്. ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടറിൽ കടന്നെങ്കിലും തോൽവിയായിരുന്നു ഫലം.
2018ൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ ശേഷം പിന്നീടൊരു ഗ്രാൻഡ്സ്ളാം കിരീടം സ്വന്തമാക്കാൻ മുൻ ലോക ഒന്നാം നമ്പറായ ഫെഡറർക്ക് കഴിഞ്ഞിട്ടില്ല. 20 തവണ ഗ്രാൻഡ്സ്ളാം കിരീടം നേടിയ ഫെഡറർ കരിയറിൽ ആകെ 103 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
Read Also: ‘സൈലന്റ് വിറ്റ്നസ്’ വരുന്നു; കുറ്റാന്വേഷണ ത്രില്ലറിൽ ഇന്ദ്രൻസും മാലാപാർവതിയും








































