കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സംവിധായകരടക്കം മലയാള സിനിമയിലെ സാങ്കേതിക വിദഗ്‌ധരുടെ കൂട്ടായ്‌മയായ ഫെഫ്‌ക. ലൈംഗികാതിക്രമം നടത്തിയതായി ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണമെന്ന് ഫെഫ്‌ക പ്രതികരിച്ചു. കേസുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഫെഫ്‌ക സ്വാഗതം ചെയ്‌തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള തുടർ ചർച്ചകൾക്ക് ഫെഫ്‌ക സ്‌റ്റിയറിങ് കമ്മിറ്റി രൂപം കൊടുത്ത മാർഗരേഖ 21 അംഗ സംഘടനകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റികൾ അടുത്ത മാസം രണ്ടുമുതൽ നാലുവരെ ചർച്ച ചെയ്യുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ വ്യക്‌തമാക്കി. ഈ യോഗങ്ങൾക്ക് മുമ്പായി ഫെഫ്‌ക്കയിലെ സ്‌ത്രീ അംഗങ്ങളുടെ അഭിപ്രായ രൂപീകരണവും നടക്കുന്നുണ്ട്.
തുടർന്ന് തയ്യാറാക്കുന്ന വിശകലന റിപ്പോർട് സർക്കാരിനും പൊതുസമൂഹത്തിനും ലഭ്യമാക്കും. സ്‌ത്രീ സുരക്ഷ സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട് ചൂണ്ടിക്കാട്ടുന്ന ഗുരുതര പ്രശ്‌നങ്ങൾ അന്തിമമായി പരിഹരിക്കാൻ ആവശ്യമായ കർമപരിപാടി പുറത്തിറക്കുമെന്നും ഫെഫ്‌ക വ്യക്‌തമാക്കി.
അതിജീവിതമാർക്ക് പരാതി നൽകുന്നതിനും നിയമനടപടികൾക്ക് സന്നദ്ധമാക്കാനും
സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കും. അന്വേഷണ സംഘത്തെ സമീപിക്കുന്നതിനും തുറന്ന് പറയുന്നതിനും ക്ളിനിക്കൽ സൈക്കോളജിസ്‌റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതർ അറസ്‌റ്റിലാവുകയോ അന്വേഷണത്തിലോ കോടതി നടപടികളിലോ വ്യക്‌തമായ കണ്ടെത്തലുകൾ ഉണ്ടാവുകയോ ചെയ്‌താൽ സംഘടനാപരമായ അച്ചടക്ക നടപടി സ്വീകരിക്കും തുടങ്ങിയ കാര്യങ്ങളും ഫെഫ്‌ക വ്യക്‌തമാക്കി.
‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയൊന്നാകെ രാജിവെച്ചതിനോട്, ‘ആ സംഘടന വിപ്ളവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു’ എന്നാണ് ഫെഫ്‌ക പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർഗരേഖയെന്നും ഫെഫ്‌ക വിശേഷിപ്പിച്ചു. റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ പത്താം ദിവസമാണ് ഫെഫ്‌ക്കയുടെ പ്രതികരണം.
Most Read| വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം