കാസർഗോഡ്: കാട്ടുപന്നികളെ കൊല്ലാൻ അനുമതി ലഭിച്ചിട്ടും കാസർഗോഡ് ജില്ലയിലെ കർഷകരുടെ ദുരിതത്തിന് പരിഹാരമില്ല. ജില്ലയിൽ വിരലിൽ എണ്ണാവുന്ന കർഷകർക്ക് മാത്രമാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള തോക്ക് ലൈസൻസ് ഉള്ളത്. ഇവരിൽ പലർക്കും എല്ലായിടങ്ങളിലും എത്തിപ്പെടാൻ പറ്റാത്ത സാഹചര്യവും ഉണ്ട്. ഇതോടെ നിയമം ഉണ്ടായിട്ട് പോലും ഒന്ന് ചെയ്യാൻ കഴിയാതെ ദുതിതംപേറുകയാണ് കർഷകർ.
കൂട്ടമായെത്തിയാണ് കാട്ടുപന്നികൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത്. നൂറ് കിലോ വരെ തൂക്കമുള്ള കാട്ടുപന്നികളാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നതെന്നാണ് കർഷകർ പറയുന്നത്. രാത്രിയിലാണ് കാട്ടുപന്നികൾ എത്തുക. ഇതോടെ കർഷകർ ഉറക്കമൊഴിച്ച് കൃഷിക്ക് കാവൽ നിൽക്കുകയാണ്. നിലവിൽ പല നിറത്തിലുള്ള വസ്‌ത്രങ്ങളും പ്ളാസ്‌റ്റിക്ക് ഷീറ്റുകളും ഉപയോഗിച്ച് വേലി കെട്ടി തിരിച്ചാണ് കൃഷി സംരക്ഷിക്കുന്നത്.
എന്നാൽ, ഇതുപോലും നശിപ്പിച്ച് പന്നികൾ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പാകമായ കിഴങ്ങ് വർഗങ്ങൾ, നെല്ല്, മറ്റു വിളകൾ എന്നിവ പകുതി പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ജില്ലയിലെ കൂടുതൽ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് ഉണ്ടായിട്ടും കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നോക്കിയിരിക്കേണ്ട അവസ്‌ഥയാണ് ജില്ലയിലെ കർഷകർക്ക്.
Most Read: റിസർവേഷൻ ഇല്ലാത്ത ട്രെയിൻ സർവീസുകൾ; സംസ്‌ഥാനത്ത് ബുധനാഴ്‌ച മുതൽ