ന്യൂഡെൽഹി: ലയനത്തിന് ശേഷവും വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനിയായ വിഐ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാനുള്ള പുതുവഴികൾ തേടുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്കായ എസ്ബിഐയുമായി വിഐ ചർച്ചകൾ നടത്തി വരികയാണെന്ന് കമ്പനിയുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു.
വിവിധ തരം വായ്‌പകളെക്കുറിച്ച് ചർച്ച നടക്കുകയാണെന്നാണ് സൂചന. എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. വോഡഫോണും, ബിർള ഗ്രൂപ്പിന്റെ ഐഡിയയും ചേർന്നുള്ള സംയുക്‌ത സംരംഭമായ വിഐ (വോഡഫോൺ ഐഡിയ) ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളെല്ലാം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരാണ്.
വായ്‌പ ലഭിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ല. എന്നാൽ ഇക്വിറ്റി ഇൻഫ്യൂഷൻ, ക്യാഷ് കൺസർവേഷൻ പ്ളാനുകൾ, താരിഫ് സ്ളാബുകൾ, വായ്‌പ തിരിച്ചടയ്‌ക്കാനുള്ള പദ്ധതികളുടെ കൃത്യമായ വിവരങ്ങൾ എന്നിവയുൾപ്പെടെ കമ്പനിയുടെ സാമ്പത്തിക സാധ്യതകളെ കുറിച്ചുള്ള വിശദമായ റിപ്പോർട് അവതരിപ്പിക്കാൻ സർക്കാർ ഉടമസ്‌ഥതയിലുള്ള ലെൻഡർ വിഐയോട് ആവശ്യപ്പെട്ടു. ഇത് ലഭിച്ച ശേഷമാവും എസ്ബിഐ അന്തിമ തീരുമാനം എടുക്കുക.
Read Also: കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ റിലീസ്; ‘കുറുപ്പ്’ തിയേറ്ററുകളിൽ