തിരുവനന്തപുരം: ജയിലിൽ കഴിയുന്നവരുടെ മക്കൾക്കായി 15 ലക്ഷം രൂപ വിദ്യാഭ്യാസ ധനസഹായമായി അനുവദിക്കും. മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായി 5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രൊബേഷൻ സേവനങ്ങളുടെ ഭാഗമായാണ് തടവുകാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായവും പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും അനുവദിക്കുന്നത്. കുടുംബത്തിലെ അന്നദാതാക്കൾ ജയിലിലാകുമ്പോൾ കുറ്റമൊന്നും ചെയ്യാത്ത, ഇവരുടെ കുട്ടികളുടെ പഠനം മുടങ്ങിപ്പോകാറുണ്ട്. ഇങ്ങനെ പഠനം മുടങ്ങിപ്പോകാതിരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കുടുംബനാഥൻ ജയിലിൽ കഴിയുന്നതുമൂലം വനിതകൾ ഗൃഹനാഥകളായിട്ടുള്ള വീടുകളിലെ കുട്ടികൾക്കും വനിതാ തടവുകാരുടെ കുട്ടികൾക്കും വിദ്യാഭ്യാസ ധനസഹായം നൽകി വരുന്ന പദ്ധതിയാണിത്. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും 1 മുതൽ 5 വരെയുള്ള ക്ളാസുകളിൽ കുട്ടികൾക്കും മാസം 300 രൂപ വീതവും, 6 മുതൽ 10 വരെയുള്ള ക്ളാസുകളിലെ കുട്ടികൾക്ക് 500 രൂപ വീതവും, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് 750 രൂപ വീതവും പദ്ധതിയിലൂടെ ലഭിക്കും. സർക്കാർ എയ്‌ഡഡ് സ്‌ഥാപനങ്ങളിലും മെറിറ്റ് സീറ്റിൽ അൺ എയ്‌ഡഡ് കോളേജുകളിലും ഡിഗ്രി പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് 1,000 രൂപ വീതം പ്രതിമാസം നൽകും.
ജീവപര്യന്തമോ വധശിക്ഷക്കോ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ കുട്ടികൾക്ക് സംസ്‌ഥാനത്തിന് അകത്തുള്ള സർക്കാർ, എയ്‌ഡഡ് കോളേജുകളിൽ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നതിന് വാർഷിക ഫീസും ഹോസ്‌റ്റൽ ഫീസും ഉൾപ്പടെ സർക്കാർ നിരക്കിലുള്ള ഫീസ് അനുവദിക്കും. വിവിധ കോഴ്‌സുകൾക്ക് ഫീസ് ഘടനയിൽ വ്യത്യാസമുള്ളതിനാൽ ഒരു കുട്ടിക്ക് പരമാവധി ഒരു ലക്ഷം രൂപ എന്ന രീതിയിലാണ് തുക നൽകുക.
Read also: ജോ ബൈഡൻ 264 ഇലക്റ്ററൽ വോട്ടുകളുമായി മുന്നിൽ; ഡൊണാൾഡ് ട്രംപ് 214മായി ദീർഘദൂരം പിന്നിൽ