തിരൂരങ്ങാടി: 16 വർഷത്തിന് ശേഷം മോഷണ പ്രതി പിടിയിൽ. വിരലടയാളത്തിലെ സാമ്യമാണ് 16 വർഷം മുൻപ് നടന്ന മോഷണത്തിന്റെ ചുരുളഴിയിച്ചത്. കോഴിക്കോട് ബാലുശ്ശേരിയിലെ കക്കാട്ടുമാട്ടിൽ മുജീബ് റഹ്‌മാൻ (38) ആണ് അറസ്‌റ്റിലായത്. പൊന്നാനിയിൽ നടന്ന മോഷണത്തിലെ പ്രതിയുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് 2005ൽ ചെമ്മാട് മൊബൈൽ ഫോൺ മോഷ്‌ടിച്ചയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തിയത്.
2005ൽ ചെമ്മാട് ബസ് സ്‌റ്റാൻഡിലുള്ള അൽനജ മെഡിക്കൽ ഷോപ്പിൽ നിന്ന് 6,500 രൂപയും മൊബൈൽ ഫോണുമാണ് മോഷണം പോയത്. തിരൂരങ്ങാടി പോലീസ് പ്രതിക്കായി അന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും പിടികൂടാനായില്ല. എന്നാൽ, വിരലടയാള വിദഗ്‌ധർ മോഷണം നടന്ന കടയിൽ നിന്ന് വിരലടയാളം ശേഖരിച്ചിരുന്നു.
അടുത്തിടെ പൊന്നാനിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടെടുത്ത വിരലടയാളം മുൻപ് ശേഖരിച്ച വിരലടയാളങ്ങളുമായി ചേർത്തുവെച്ചു പരിശോധിച്ചപ്പോഴാണ് ഇവർ രണ്ടും തമ്മിൽ സാമ്യം കണ്ടെത്തിയത്. ഇക്കാര്യം തിരൂരങ്ങാടി പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊന്നാനിയിലെ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ തിരൂരങ്ങാടി പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.
Most Read: ചെന്നൈയിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളും വെള്ളത്തിൽ, ജാഗ്രത





































