കൊൽക്കത്ത: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പോലീസ്. സുഭാഷ് ചന്ദ്ര ബോസിന്റെ ജൻമദിനം ആഘോഷിക്കുന്ന വേളയിൽ മരണ തീയതി പരാമർശിച്ചതിനെതിരെ ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് കേസ്.
തെക്കൻ കൊൽക്കത്തയിലെ ഭവാനിപുർ പോലീസ് സ്‌റ്റേഷനിലാണ് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ജനുവരി 23നായിരുന്നു സുഭാഷ് ചന്ദ്ര ബോഡിന്റെ ജൻമദിനം. അന്നേ ദിവസം രാഹുൽ ഗാന്ധി സാമൂഹിക മാദ്ധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്‌റ്റ് 18 എന്ന് കുറിച്ചിരുന്നു.
ഇതിന് പിന്നാലെ രാഹുലിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് അടക്കം രംഗത്തെത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആർക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനിൽക്കുമെന്നുമായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങൾ കോൺഗ്രസ് മറച്ചുവെയ്‌ക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആരോപിച്ചു. നേതാജി എവിടെ ആയിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺഗ്രസ് മറച്ചുവെച്ചു. എന്നാൽ, രാഹുൽ ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുൽ ക്ഷമാപണം നടത്തി പോസ്‌റ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതിയായി പങ്കുവെച്ച ഓഗസ്‌റ്റ് 18നാണ് നേതാജിയുടെ വിയറ്റ്‌നാമിലെ ടുറെയ്‌നിൽ നിന്ന് പുറപ്പെട്ട വിമാനം തായ്‌പേയിലെ തയ്‌ഹോക്ക് വിമാനത്താവളത്തിൽ നിന്ന് ഇന്ധനം നിറച്ചു പറന്നുയരവേ തകർന്ന് വീണതായി പറയപ്പെടുന്നത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം