ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷായ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
കോടതി ഉത്തരവിന് പിന്നാലെ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് മാൻപൂർ പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രിയാണ് കുൻവർ വിജയ് ഷാ. ഏപ്രിൽ 22ന് കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ പാകിസ്‌ഥാനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമർശം.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹോദരിയെ പാകിസ്‌ഥാനിലേക്ക് അയച്ചത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്‌തത്. അവർ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെൺമക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാണ്“-വിജയ് ഷാ പറഞ്ഞിരുന്നു.
പ്രഥമദൃഷ്‌ട്യാ വിജയ് ഷാ നടത്തിയ പരാമര്‍ശം കുറ്റകരമെന്നാണ് ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചത്. മന്ത്രിയുടെ പരാമര്‍ശം അപകടകരമാണെന്നും ഇന്ന് തന്നെ കേസ് രജിസ്‌റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് പോലീസ് നടപടി.
അതേസമയം, പ്രസംഗം വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി വിജയ് ഷാ രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്‌താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണെന്നും, സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പിന്നീട് പറഞ്ഞിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ