കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം ഉണ്ടായതായി കണക്കുകൂട്ടൽ. വിവാഹ സീസൺ കൂടി ആയതിനാൽ വലിയ സ്റ്റോക്കാണ് ഷോറൂമിൽ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.
റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി കണക്കാക്കിയുള്ള സ്റ്റോക്കും സ്ഥാപനത്തിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി പടർന്നു തുടങ്ങിയ തീ ഇന്ന് പുലർച്ചയോടെയാണ് പൂർണമായും അണയ്ക്കാനായത്. സംഭവത്തിൽ ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട് ഇന്ന് സമർപ്പിക്കും.
തീപിടിത്ത കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കും. ജയലക്ഷ്മി സിൽക്സിന്റെ ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് കമ്മത്ത് എന്നിവർ ഇന്ന് കോഴിക്കോട് എത്തും. അതിനുശേഷമാകും തീപിടിത്തത്തിൽ ഉണ്ടായ നഷ്ടം മാനേജ്മന്റ് ഔദ്യോഗികമായി അറിയിക്കുക.
2023ൽ ഇതേ സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായിരുന്നു. നാല് കോടിയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു മാനേജ്മെന്റ് അറിയിച്ചത്. ഇത്തവണ നഷ്ടം ഇതിനേക്കാൾ കൂടുതൽ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഷോർട് സർക്യൂട്ടാണ് അന്നത്തെ അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
വെഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപ്പടർന്നതെന്നാണ് ഇതുവരെയുള്ള വിവരം. 2023ൽ സ്ഥാപനം നവീകരിച്ചതിന് ശേഷം ഫയർ അലാറവും ഫയർ ഫൈറ്റിങ് സംവിധാനവും സജ്ജീകരിച്ചിരുന്നു എന്നാണ് ജീവനക്കാരുടെ വാക്കുകൾ. തീപിടിത്തത്തിൽ ആളപായമുണ്ടാകാത്തത് ആശ്വാസമായി.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം






































