മുംബൈ: വാക്സിന് നിര്‍മാണ കമ്പനിയായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേരാണ് മരിച്ചത്.
തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ താന്‍ സ്മരിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2.45ഓടെയാണ് വാക്സിന് നിര്‍മാണ കമ്പനിയില്‍ തീപ്പിടിത്തമുണ്ടായത്.
പ്ളാന്റിലെ ടെര്‍മിനല്‍ ഒന്നില്‍ നിര്‍മാണം പുരോഗിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. നാലുപേരെ രക്ഷപ്പെടുത്തി. തീപിടിത്തമുണ്ടായത് കോവിഡ് വാക്സിന് നിര്‍മാണ യൂണിറ്റുകളുടെ സമീപത്ത് അല്ലാത്തതിനാല്‍, കോവിഷീല്‍ഡ് വാക്സിന് നിര്‍മാണത്തെ അപകടം ബാധിച്ചിട്ടില്ലെന്നാണ് വിവരം.
അഗ്നിരക്ഷാ സേനയുടെ പത്തോളം യൂണിറ്റുകള്‍ അപകടത്തിനു പിന്നാലെ പ്രദേശത്ത് എത്തിയിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
Read Also: ജമ്മു കശ്മീരില്‍ പാകിസ്ഥാന് ആക്രമണം; ഒരു ജവാന് വീരമൃത്യു