കോഴിക്കോട്: കെട്ടിടത്തിനുള്ളിൽ സാധനങ്ങൾ കൂട്ടിയിട്ടത് രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്ന് ഫയർഫോഴ്‌സ് റിപ്പോർട്. കെട്ടിടത്തിൽ അഗ്‌നിശമന സൗകര്യങ്ങൾ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട റിപ്പോർട് ജില്ലാ കളക്‌ടർക്ക് ഫയർഫോഴ്‌സ് കൈമാറി.
അതേസമയം, അഗ്‌നിബാധ സംബന്ധിച്ച് ജില്ലാ കലക്‌ടർ സ്‌നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്നു. അഗ്‌നിരക്ഷ, കോർപറേഷൻ, പോലീസ്, ഡ്രഗ്‌സ് കൺട്രോളർ, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്‌ഥരിൽ നിന്നും കലക്‌ടർ വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
ജില്ലയിലെ ഫയർ സ്‌റ്റേഷനുകളിൽ നിന്നും മലപ്പുറത്ത് നിന്ന് രണ്ടും എയർപോർട്ട് അതോറിറ്റിയുടെ ഒരു വാഹനവുമുൾപ്പടെ 20 ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചതെന്ന് യോഗത്തിൽ ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. അഗ്‌നിരക്ഷ, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ്, റവന്യൂ, പോലീസ്, വൈദ്യുതി ബോർഡ് തുടങ്ങിയ ഉദ്യോഗസ്‌ഥർ തിങ്കളാഴ്‌ച സ്‌ഥലത്തെത്തി സംയുക്‌ത പരിശോധന നടത്തിയിരുന്നു.
വകുപ്പുതല ഉദ്യോഗസ്‌ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ചീഫ് സെക്രട്ടറിക്ക് ജില്ലാ കലക്‌ടർ അടുത്ത ദിവസം റിപ്പോർട് നൽകും. അതേസമയം, തീപിടിത്തം അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് കോഴിക്കോട് കോർപറേഷൻ രൂപം നൽകിയിരുന്നു. റവന്യൂ, എൻജിനിയറിങ്, ആരോഗ്യ വിഭാഗങ്ങളാണ് പരിശോധന നടത്തുക. അഞ്ചുദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.
Most Read| അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി പാക്കിസ്‌ഥാൻ