തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 86.41 കോടി രൂപ ചിലവിൽ എറണാകുളത്താണ് പദ്ധതി ആരംഭിക്കുന്നത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെന്റര്‍ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്‌ട്രോണിക്‌സ് ടെക്നോളജിയും സംയുക്‌തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി വിഹിതത്തിൽ, കേന്ദ്ര സർക്കാർ 49.18 കോടി രൂപയും വ്യവസായ പങ്കാളികൾ 11.48 കോടി രൂപയും നൽകും. പദ്ധതിക്കാവശ്യമായ സ്‌ഥലവും കെട്ടിടങ്ങളും ഉൾപ്പടെയുള്ള എല്ലാ അടിസ്‌ഥാന സൗകര്യങ്ങളും സംസ്‌ഥാന സർക്കാർ ഒരുക്കും.
കേരളത്തിന്റെ ശാസ്‌ത്ര ഗവേഷണങ്ങൾക്കും വ്യാവസായിക മേഖലക്കും പുതിയ കുതിപ്പു നൽകാനാകുന്ന സംരംഭമാണ് ഗ്രാഫീൻ ഇന്നവേഷൻ സെന്ററെന്ന് മുഖ്യമന്ത്രി പറഞ്ഞു. വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനേക്കാൾ പതിൻമടങ്ങു ശക്‌തിയുള്ളതും കാർബണിന്റെ ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീൻ ശാസ്‌ത്ര സാങ്കേതിക മേഖലയിൽ പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
സിലിക്കണിന് പകരംവെക്കാൻ സാധിക്കുന്നതും മികച്ച വൈദ്യുത- താപ ചാലകമായി പ്രവർത്തിക്കാൻ സാധിക്കുന്നതുമാണ് ഗ്രാഫീൻ. അടുത്ത തലമുറ ഇലക്‌ട്രോണിക്‌സിന്റെ തുടക്കത്തിന് ഇത് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഊർജോൽപാദനത്തിലും വൈദ്യശാസ്‌ത്രത്തിലും വിപ്ളവകരമായ മാറ്റങ്ങൾ സൃഷ്‌ടിക്കാൻ ഗ്രാഫീൻ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
ടാറ്റ സ്‌റ്റീൽ ആണ് പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളി. അതോടൊപ്പം വ്യവസായ മേഖലയിൽ നിന്നുള്ള നിരവധി കമ്പനികളും ഇന്നവേഷൻ സെന്ററിന് പിന്തുണ നൽകി പ്രവർത്തിക്കും.
എന്താണ് ഗ്രാഫീൻ?
കാർബണിന്റെ അപര രൂപങ്ങളായ കൽക്കരി, ഗ്രാഫൈറ്റ്, കാർബൺ നാനോ ട്യൂബുകൾ, ഫുള്ളറീൻ തൻമാത്രകൾ എന്നിവയുടെ ഏറ്റവും മൗലികമായ ഘടനാ ഏകകമാണ് ഗ്രാഫീൻ. ആന്ദ്രെ ഗെയിം, കോൺസ്‌റ്റന്റൈൻ നോവോസെലോവ് എന്നിവർക്ക് 2010ലെ ഭൗതികശാസ്‌ത്ര നൊബേൽ സമ്മാനം നേടിക്കൊടുത്തത് ഗ്രാഫീനുകളെ അവയുടെ സ്‌ഥായിത നഷ്‌ടപ്പെടാതെ വേർതിരിച്ചെടുത്തതിനും അതിന്റെ ഘടനയെയും സ്വഭാവ വിശേഷതകളെയും പറ്റി സമഗ്രമായി വിശദീകരിക്കുകയും ചെയ്‌തതിനാണ്.
Most Read: മന്ത്രിയുടെ നിലപാട് സ്വാഗതാർഹം; സമരത്തിൽ നിന്ന് പിൻമാറുന്നതായി ബസ് ഉടമകൾ