കൂത്തുപറമ്പ്: യുഎഇ ദിർഹം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉമ്മൻചിറയിലെ എംകെ ഷാനിത്തിന്റെ പരാതിയിൽ ഇതര സംസ്ഥാനക്കാരിയായ സ്ത്രീ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.
യുവാവ് ജോലി ചെയ്യുന്ന കാടാച്ചിറയിലെ കടയിൽ എത്തിയ പ്രതികൾ ഇന്ത്യൻ രൂപക്ക് പകരം ഇരട്ടി മൂല്യമുള്ള ദിർഹം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതുപ്രകാരം അഞ്ച് ലക്ഷം രൂപ സംഘടിപ്പിച്ച് യുവാവ് കഴിഞ്ഞ മാസം കൂത്തുപറമ്പിലെത്തി. പണം കൈപ്പറ്റിയ ശേഷം ദിർഹമാണെന്ന് പറഞ്ഞ് ബാഗിൽ നിന്ന് ഒരു കെട്ടെടുത്ത് യുവാവിന് കൊടുത്ത ശേഷം ഉടൻ തന്നെ സ്ഥലം വിട്ടു. കെട്ട് പരിശോധിച്ചപ്പോൾ വെറും കടലാസ് കഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Also Read: പൊള്ളുന്ന വെയിൽ; തണലില്ലാതെ പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്






































