ഡെൽഹി: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടലിനിടെ അഞ്ച് ജവാൻമാർക്ക് വീരമൃത്യു. രജൗരി ജില്ലയിലെ കാണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഞ്ച് സൈനികർ കൊല്ലപ്പെട്ടത്. ഒരു ഓഫിസർ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു.
രജൗരി സെക്‌ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സംയുക്‌ത ഓപ്പറേഷൻ നടന്നത്. പരിക്കേറ്റ സൈനികരെ ഉധംപൂരിലെ കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ തിരച്ചിലിനായി സംഘങ്ങളെ അയച്ചതായി സൈനിക ഉദ്യോഗസ്‌ഥർ അറിയിച്ചു.
കഴിഞ്ഞ മാസം 20ന് അഞ്ച് സൈനികരെങ്കിലും കൊല്ലപ്പെട്ട സൈനിക ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിലെ അതേ ഗ്രൂപ്പിൽപ്പെട്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും സൈനിക ഉദ്യോഗസ്‌ഥർ പറഞ്ഞു. അതേസമയം രജൗരി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പിടിഐ റിപ്പോർട് ചെയ്‌തു.
ഇന്നലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ഭേര മേഖലയിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരരുടെ ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു.
Most Read: ‘ദി കേരള സ്‌റ്റോറി’ക്ക് സ്‌റ്റേയില്ല; ഹരജിക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി





































