വയനാട്: വയനാട്ടിലെ ലീഗ് നേതാക്കൾ തട്ടിപ്പ് സംഘമായി മാറിയെന്ന് വയനാട് ജില്ലാ കമ്മിറ്റി മുൻ അംഗം സി മമ്മി. ലീഗ് ജില്ലാ നേതാക്കൾ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സസ്‌പെൻഷനെന്നും സി മമ്മി പറഞ്ഞു.
തെറ്റ് ചൂണ്ടിക്കാണിച്ചവരെ പുറത്താക്കി പാർട്ടി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പാർട്ടി നിലപാടിൽ ദുഃഖമുണ്ട്. പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മുസ്‌ലിം ലീഗ് പ്രസ്‌ഥാനം നിലനിൽക്കണമെന്ന് തന്നെയാണ് ആഗ്രഹം. 60 ലക്ഷം രൂപ വരുന്ന ദുരിതാശ്വാസ ഫണ്ടിൽ ജില്ലാ നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് സംസ്‌ഥാന അധ്യക്ഷന് കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് സംസ്‌ഥാന കമ്മിറ്റി പിരിച്ചു നൽകിയ 40 ലക്ഷവും ജില്ലാ കമ്മിറ്റി പിരിച്ചു നൽകിയ 20 ലക്ഷവും അർഹരായവർക്ക് ലഭിച്ചില്ലെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഇന്നലെ ചേർന്ന വയനാട് ജില്ലാ കമ്മിറ്റി സി മമ്മിയെ സസ്‌പെൻഡ് ചെയ്യാൻ സംസ്‌ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്യുകയും ചെയ്‌തു.
Most Read: ഫസൽ വധക്കേസ്; പിന്നിൽ കൊടിസുനി, കാരായിമാർ മുഖ്യ ആസൂത്രകരെന്ന് സിബിഐ







































