കൊച്ചി: കാക്കനാട് ഡി.എൽ.എഫ് ഫ്ളാറ്റിൽ ഭക്ഷ്യവിഷബാധ. ജൂൺ ആദ്യമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്ന് മുതൽ ഇതുവരെ ഫ്ളാറ്റിൽ താമസിക്കുന്ന 340 പേർ ചികിൽസ തേടിയതായാണ് വിവരം. അഞ്ച് വയസിൽ താഴെയുള്ള ഇരുപതിലധികം കുട്ടികൾക്ക് വിഷബാധയേറ്റതായാണ് വിവരം.
കുടിവെള്ളത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ അളവിൽ ബാക്ടീരിയ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്.ആരോഗ്യവകുപ്പ് ജലസാംപിളുകള്‍ ശേഖരിച്ചു.
15 ടവറുകളിലായി 1268 ഫ്ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും ഇവിടെ ഉണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെങ്കില്‍ കൂടുതല്‍ ആളുകളും ചികിൽസ തേടാനാണ് സാധ്യത.
കിണര്‍ ബോര്‍വെല്‍ മുനിസിപാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫ്ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളില്‍ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ളോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണ്.
ഇന്നലെയാണ് ഫ്ളാറ്റിലുള്ളവർ വിളിച്ച് പ്രശ്നം പറഞ്ഞതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എണ്ണൂറിലധികംപേർക്ക് അസുഖമുണ്ടായി എന്നാണ് ഫ്ളാറ്റിലുള്ളവർ പറഞ്ഞത്. ഉടനെ ആരോഗ്യവകുപ്പ് മേധാവിയെ വിളിച്ച് വിവരം പറഞ്ഞു. വിവിധ സ്വകാര്യ ആശുപത്രിയിലാണ് എല്ലാവരും ചികിൽസ തേടിയത്. അതിനാൽ ആരോഗ്യവകുപ്പിൽ ഈ വിവരം ഉണ്ടായിരുന്നില്ല.
സീനിയർ ഡോക്ടർമാർ ഫ്ളാറ്റികളിൽ പരിശോധന നടത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. താമസക്കാരുമായി ആശയവിനിമയം നടത്തി. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കാത്തതിനാൽ പ്രശ്നങ്ങൾ വർധിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. 340 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ബോധവൽക്കരണ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
MOST READ | ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിക്കും




































