മലപ്പുറം: ജില്ലയിലെ ഭക്ഷ്യവിഷബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക അറിയിച്ചു. വെള്ളത്തിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യ വിഭാഗം മികച്ച ഇടപെടൽ നടത്തുന്നുണ്ട്. നാളെ വ്യാപാരി വ്യവസായികളുമായി യോഗം ചേരുമെന്നും ഡിഎംഒ അറിയിച്ചു.
ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുത്ത 200ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയുമായി 200 ഓളം പേർ ചികിൽസ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ കണ്ടെത്തിയത്. ഉൽസവത്തിന് എത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധ ഉണ്ടായത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പാലക്കാട് ജില്ലയിൽ നിന്നുള്ള ആളുകളും ഉൽസവത്തിൽ പങ്കെടുത്തതിനാൽ ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങള്‍ മലപ്പുറം ആരോഗ്യവകുപ്പ് പാലക്കാട് ഡിഎംഒയെയും അറിയിച്ചിട്ടുണ്ട്. കൂടാതെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
Most Read: കുമ്പളയിലെ ബിജെപി പ്രതിഷേധം; പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു



































