ന്യൂഡെൽഹി: സൈനിക സംഘർഷത്തിൽ വെടിനിർത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാക്കിസ്‌ഥാനാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇരു രാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽമാർ തമ്മിലാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നും അത് മേയ് പത്തിന് നടപ്പിലായെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത് പാക്കിസ്‌ഥാനെ അറിയിച്ചത് സിജിഎംഒ (ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) ആണെന്നും വിക്രം മിസ്രി പറഞ്ഞു. വിദേശകാര്യ തലത്തിൽ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി മുമ്പാകെയാണ് വിക്രം മിസ്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
പാക്കിസ്‌ഥാന്റെ ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് വെടിനിർത്തൽ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്‌ലാലയിലെ തന്ത്രപ്രധാനമായ നുർഖാൻ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാക്കിസ്‌ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതെന്നും വിക്രം മിസ്രി കമ്മിറ്റിയെ അറിയിച്ചു.
വെടിനിർത്തലിന് യുഎസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത് ഇന്ത്യയുമായി ആലോചിച്ച് അല്ലെന്നും വിക്രം മിസ്രി കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞു. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ വെടിനിർത്തൽ ധാരണയായ വിവരം യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
Most Read| പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും