ഇടുക്കി: മുല്ലപ്പെരിയാർ സ്റ്റേഷന് വേണ്ടിയുള്ള കെട്ടിട നിർമാണ പ്രവർത്തനങ്ങൾ വനംവകുപ്പ് തടഞ്ഞു. ഇടുക്കി സത്രത്തിന് സമീപമാണ് സംഭവം. വനഭൂമിയാക്കാൻ ആദ്യഘട്ട നോട്ടിഫിക്കേഷൻ കഴിഞ്ഞ ഭാഗത്തായിരുന്നു പോലീസ് സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷന് വേണ്ടി വണ്ടിപ്പെരിയാർ സത്രത്തിന് സമീപം അരയേക്കർ സ്ഥലം 2019ൽ ജില്ലാ കളക്ടർ അനുവദിച്ചിരുന്നു. സ്റ്റേഷൻ പണിയാൻ ഒന്നേകാൽ കോടി രൂപയും അനുവദിച്ചു.
എന്നാൽ, സ്ഥലം അനുവദിച്ചത് സ്വന്തം റിസർവ് ഫോറസ്റ്റായി 2017ൽ ആദ്യഘട്ട നോട്ടിഫിക്കേഷൻ ഇറക്കിയ സ്ഥലത്താണ്. പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന് ഇവിടുള്ള 167 ഹെക്ടർ സ്ഥലമാണ് വനഭൂമിയാക്കാൻ തീരുമാനിച്ചിരുന്നത്. സ്ഥലം അനുവദിച്ച് ഉത്തരവ് ഇറക്കിയപ്പോൾ വനംവകുപ്പ് എതിർപ്പ് അറിയിച്ച് കത്ത് നൽകി. തുടർന്ന് സെറ്റിൽമെന്റ് ഓഫിസറായ ഇടുക്കി ആർഡിഒയെ ഇരുവിഭാഗത്തെയും ഹിയറിങ് നടത്തി തീരുമാനം എടുക്കാൻ നിയോഗിച്ചു. തീരുമാനം വൈകിയതോടെ അനുവദിച്ച സ്ഥലത്ത് പണി തുടങ്ങാൻ ആഭ്യന്തര വകുപ്പ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പണികൾ തുടങ്ങിയപ്പോൾ വനംവകുപ്പ് എത്തി തടഞ്ഞു. ഇതേതുടർന്ന് വനഭൂമി സംബന്ധിച്ച രേഖകൾ പോലീസ് വനംവകുപ്പിനോട് ആവശ്യപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞിട്ടും രേഖകൾ കൈമാറിയില്ല. തുടർന്ന് ഇന്നലെ പണികൾ നടത്താൻ പോലീസ് എത്തി. കോട്ടയം ഡിഎഫ്ഒ പണി നിർത്തിവെക്കാൻ ഇടുക്കി എസ്പിയോട് ആവശ്യപ്പെട്ടു. ഇതേതുടർന്ന് പണി നിർത്തിവെച്ചിരിക്കുകയായിരുന്നു.
നോട്ടിഫിക്കേഷൻ നിലനിൽക്കുന്നതിനാൽ കെട്ടിടംപണി നടത്താനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. രണ്ടുവകുപ്പുകൾ തമ്മിൽ തർക്കം ഉണ്ടായതിനാൽ ഇത് പരിഹരിച്ച ശേഷമേ പണികൾ ആരംഭിക്കുകയുള്ളൂ എന്ന് ഇടുക്കി എസ്പി ആർ കറുപ്പസ്വാമി പറഞ്ഞു.
Also Read: സിനിമ നാടിന് അപമാനം, യഥാർഥ ‘ചുരുളി’ പോരാട്ടങ്ങളുടെ നാട്; പരാതി







































