ന്യൂഡെൽഹി: പാക്കിസ്ഥാൻ സർക്കാരുമായുള്ള യുഎസ് ബന്ധത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ. പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിൽ ആയിരുന്നുവെന്നാണ് സിഐഎ ഉദ്യോഗസ്ഥനായിരുന്ന ജോൺ കിരിയാക്കോയുടെ വെളിപ്പെടുത്തൽ.
കോടിക്കണക്കിന് ഡോളർ നൽകിയതിനെ തുടർന്ന് പാക്കിസ്ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷറഫാണ് ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് നൽകിയത്. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വലിയ അഴിമതിക്കാരാണെന്നും മുഷറഫ് സർക്കാരുമായി യുഎസിന് നല്ല ബന്ധമായിരുന്നെന്നും ജോൺ കിരിയാക്കോ എൻഐഎയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
”പാക്കിസ്ഥാൻ സർക്കാരുമായുള്ള യുഎസിന്റെ ബന്ധം വളരെ മികച്ചതായിരുന്നു. ആ സമയത്ത് ജനറൽ പർവേസ് മുഷറഫായിരുന്നു ഭരണാധികാരി. സ്വേച്ഛാധിപതികളുമായി പ്രവർത്തിക്കാൻ യുഎസിന് ഇഷ്ടമാണ്. കാരണം, പൊതുജന അഭിപ്രായത്തെകുറിച്ച് വിഷമിക്കേണ്ട. മാദ്ധ്യമ വാർത്തകളും മുഖവിലയ്ക്കെടുക്കേണ്ട. അതിനാൽ ഞങ്ങൾ മുഷറഫിനെ വിലയ്ക്ക് വാങ്ങി”- ജോൺ കിരിയാക്കോ പറഞ്ഞു.
മുഷറഫിന് യുഎസ് ദശലക്ഷക്കണക്കിന് ഡോളറുകൾ സാമ്പത്തിക സഹായം നൽകി. സൈനിക സഹായമാണ് വികസന പ്രവർത്തനത്തിനായും പണം കൈമാറി. ആഴ്ചയിൽ നിരവധി തവണ യുഎസ് ഉദ്യോഗസ്ഥർ മുഷറഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാക്കിസ്ഥാൻ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയ വിവരം 2002ലാണ് താൻ അറിഞ്ഞതെന്നും ജോൺ പറയുന്നു. ഭീകരരുടെ കൈവശം ആണവായുധങ്ങൾ എത്തുമോ എന്ന് ഭയന്നായിരുന്നു നിയന്ത്രണം കൈമാറിയതെന്നും ജോൺ കിരിയാക്കോ വ്യക്തമാക്കി.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































