തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.
രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായിരുന്നു. മാവേലിക്കര ചെറുകോൽ വൈപ്പു വിലയിൽ പരേതനായ കെപി. മാധവൻ പിള്ളയുടെയും വികെ. രാജമ്മയുടെയും മകനാണ്. 1969ൽ കെഎസ്യു അംഗമായാണ് പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയത്.
കെപിസിസി മുൻ ജനറൽ സെക്രട്ടറി, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987ൽ ഡെൽഹിയിലെ ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്ററും എംജി സർവകലാശാലയിലെ ആദ്യ സെനറ്റ് അംഗവുമായിരുന്നു.
കെഎസ്ഇബി, കെഎസ്എഫ്ഇ, കെഎസ്ആർടിസി, കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയവയിൽ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നു. ദേവസ്വം ബോർഡ് കോളേജിൽ അധ്യാപികയായ പ്രൊഫ. കെഎസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!




































