പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പടെ നാലുപേർ മരിച്ചു. പുനലൂർ- മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്.
അനുവും നിഖിലും ദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പുലർച്ചെ 3.30ഓടെയാണ് അപകടം. കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മലേഷ്യയിൽ മധുവിധു ആഘോഷിച്ചതിന് ശേഷം മടങ്ങിയെത്തിയ അനുവിനെയും നിഖിലിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ബസിന്റെ മുൻഭാഗം തകർന്നു. ബസിലുണ്ടായിരുന്ന തെലങ്കാന സ്വദേശികളായ ശബരിമല തീർഥാടകർക്ക് പരിക്കില്ല. 19 ശബരിമല തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.
നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽ നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയ ശേഷം ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും.
വീട് എത്തുന്നതിന് ഏഴ് കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു. കാറിന് പിറകിലായിരുന്നു അനുവും നിഖിലും. കാറിന്റെ നാല് ഡോറുകളും തുറക്കാൻ കഴിയാത്ത സ്‌ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
റോഡിന് വീതിക്കുറവ് ഉണ്ടെന്നും ആവശ്യമായ സ്‌ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പുനലൂർ- മൂവാറ്റുപുഴ റോഡ് നിർമാണം പൂർത്തിയായശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിരുന്നു. റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ മാർഗങ്ങൾ തേടി യോഗം വിളിക്കാനിരിക്കുക ആയിരുന്നുവെന്നും പ്രസിഡണ്ട് പറഞ്ഞു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു