മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ വച്ച് അത്യാസന്ന നിലയിലായ സ്വാമിയെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭീമാ കൊറഗാവ് കേസിൽ മാവോവാദി ബന്ധമാരോപിച്ചാണ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തിരുന്നത്.
സ്വാമിയുടെ അഭിഭാഷകരുടെ ഹരജിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി വെള്ളിയാഴ്‌ച ഉത്തരവിട്ടിരുന്നു. ജസ്‌റ്റിസുമാരായ എസ്എസ് ഷിണ്ഡെ, എന്‍ആര്‍ ബോര്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഓക്‌സിജന്‍ സഹായത്തോടെ കഴിയുന്ന സ്‌റ്റാൻ സ്വാമിക്ക് ഉറ്റവരെ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് ബംഗളൂരു ആസ്‌ഥാനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ഫാ. ജോ സേവ്യര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
”ശ്വാസതടസം നേരിട്ടതിനാല്‍ ഓക്‌സിജന്‍ നല്‍കുകയായിരുന്നു. ആരോഗ്യനില പഴയതുപോലെ തുടരുന്നു. ഉറ്റവരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല. വിശദ പരിശോധനയ്‌ക്ക് ശേഷം ആശുപത്രി അധികൃതര്‍ ആരോഗ്യസ്‌ഥിതി സംബന്ധിച്ച് ബുള്ളറ്റിന്‍ നല്‍കും”-ഫാ. സേവ്യര്‍ പറഞ്ഞു.
എന്നാൽ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എൻഐഎ എതിര്‍ത്തിരുന്നു. ചികിൽസയ്‌ക്ക് ആവശ്യമായി വരുന്ന ചിലവ് സ്വാമി വഹിക്കുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സ്‌റ്റാന്‍ സ്വാമിയുടെ പ്രായവും ജെജെ മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരുടെ വിദഗ്‌ധ പാനല്‍ നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.
Read also: കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ക്ക് അമിത വില ഈടാക്കൽ; പരിശോധന വര്‍ധിപ്പിച്ചു








































