കോഴിക്കോട് : ജില്ലയിൽ ബിഎസ്എൻഎൽ സിം വെരിഫിക്കേഷനെന്ന പേരിൽ ആളുകളെ വിളിച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പരാതി. സിം എടുത്ത സമയത്ത് സമർപ്പിച്ച രേഖകളുടെ കാലാവധി കഴിഞ്ഞെന്നും, അതിനാൽ 24 മണിക്കൂറിനുള്ളിൽ സേവനങ്ങൾ തടസപ്പെടുമെന്നും തട്ടിപ്പുകാർ ഉപഭോക്താക്കളെ അറിയിക്കും. തുടർന്ന് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സിം വെരിഫിക്കേഷൻ എന്ന പേരിൽ ആളുകളെ വിളിക്കുന്നത് വ്യാജമാണെന്നും, ഉപഭോക്താക്കൾ ചതിയിൽ പെടരുതെന്നും ബിഎസ്എൻഎൽ അറിയിച്ചു.
ബിഎസ്എൻഎൽ അറിയിപ്പായി വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും, അതിൽ കൊടുത്തിട്ടുള്ള നമ്പറുകളിലേക്ക് വിളിക്കരുതെന്നും, വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ ബിഎസ്എൻഎൽ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 1503 എന്ന നമ്പറിൽ വിളിക്കാമെന്നും ബിഎസ്എൻഎൽ ജനറൽ മാനേജർ സാനിയ അബ്ദുൽ ലത്തീഫ് അറിയിച്ചു.
വെരിഫിക്കേഷൻ എന്ന പേരിൽ വിളിക്കുന്ന തട്ടിപ്പുകാർ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിൽ ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ഇതിലൂടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഓൺലൈൻ അക്കൗണ്ട് എന്നിവയുടെ വിവരങ്ങൾ എന്നിവ ചോർത്താൻ ശ്രമിക്കും. അതിനാൽ വ്യാജ നമ്പറുകളിൽ നിന്നും വരുന്ന സന്ദേശങ്ങളിലും കോളുകളിലും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ബിഎസ്എൻഎൽ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങൾ മൊഴി നൽകാൻ എത്തിയില്ല; പ്രതികളുടെ വീട്ടിൽ റെയ്ഡ്



































