കാസർഗോഡ്: ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിലെ ഒന്നാം പ്രതി റിമാൻഡിൽ. മേൽപ്പറമ്പ് അരമങ്ങാനം കൂവത്തൊട്ടി സുനൈബ് വില്ലയിലെ കെഎ മുഹമ്മദ് സുഹൈറിനെ (32) ആണ് ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടരന്വേഷണത്തിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ബേക്കൽ പോലീസ് പറഞ്ഞു.
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി കെഎ മുഹമ്മദ് സുഹൈറും കൂട്ടാളികളായ 12 പേരും 2,71,36,000 കോടി രൂപയാണ് തട്ടിയെടുത്തത്. ഓഡിറ്റിങ് സമയത്ത് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ബാങ്ക് മാനേജരായ റിജു ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് സുഹൈർ ഉൾപ്പടെ 13 പേരെ പ്രതിചേർത്ത് പോലീസ് കേസെടുത്തു.
ഉദുമ, ബേക്കൽ, കളനാട് സ്വദേശികളായ മുഹമ്മദ് സുഹൈർ, ഹസൻ, റുഷൈദ്, അബ്ദുൾ റഹീം, എം അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജഷീദ്, മുഹമ്മദ് ഷഹമത്ത് , മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഹാഷിം, ഹാരിസുള്ള എന്നിവർക്കെതിരെയാണ് മുക്കുപണ്ടം പണയം വച്ചതിന് പോലീസ് കേസെടുത്തത്. വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഇവർ ബാങ്കിൽ മുക്കുപണ്ടം പണയം വച്ചത്.
മുഹമ്മദ് സുഹൈറിന് ബാങ്ക് ജീവനക്കാരുമായി ഉണ്ടായ അടുപ്പം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞദിവസം സുഹൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മുക്കുപണ്ടങ്ങൾ, ചെമ്പിൽ സ്വർണം പൂശാനുപയോഗിക്കുന്ന ഇലക്ട്രോപ്ളേറ്റിങ് സാമഗ്രികൾ, ബാങ്കിൽ സ്വർണം പണയപ്പെടുത്തിയതിന്റെ രസീതുകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു. ബാങ്കിൽ പണയപ്പെടുത്തിയ മുക്കുപണ്ടങ്ങൾ തിങ്കളാഴ്ച കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് പറഞ്ഞു.
ബേക്കൽ ഡിവൈഎസ്പി സികെ സുനിൽകുമാർ, ഇൻസ്പെക്ടർ പി രാജേഷ്, എസ്ഐമാരായ പിപി രമേശൻ, രാമചന്ദ്രൻ, എഎസ്ഐ പ്രസാദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുധീർ ബാബു, ധന്യ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.
Malabar News: കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; അധികൃതരുടെ ഇടപെടൽ കാത്ത് കുടുംബം







































