തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഈ മാസം എട്ടുവരെയാണ് സൗജന്യ പ്രവേശനം അനുവദിക്കുക. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഏർപ്പെടുത്തിയത്.
വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉൽഘാടനം ഇന്ന് തൃശൂർ പുത്തൂരിലെ സൂവോളജിക്കൽ പാർക്കിൽ നടന്നു. വാരാഘോഷത്തിന്റെ സമാപന സമ്മേളനം എട്ടിന് കോഴിക്കോട് നടക്കും. അതേസമയം, തൃശൂരിലെ പാർക്കിൽ നിന്നും പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് പക്ഷിമൃഗാദികളെ മാറ്റാൻ തുടങ്ങി.
പക്ഷികളെ മാറ്റാനുള്ള നടപടികളാണ് ഒന്നാംഘട്ടത്തിൽ ആരംഭിച്ചത്. ദേശീയ പക്ഷിയായ മയിലിനെയാണ് മാറ്റിയത്. തുടർന്ന് വിവിധയിനത്തിൽപ്പെട്ട തത്തകൾ, ജലപക്ഷികൾ തുടങ്ങിയവയടക്കം കുറച്ചു പക്ഷികളെ കൊണ്ടുവന്ന് പുതിയ ആവാസവ്യവസ്ഥയുമായി ഇണങ്ങുന്നത് സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തും.
അതിനുശേഷമാണ് കൂടുതൽ പക്ഷികളെ ഇങ്ങോട്ട് മാറ്റുക. ബോണറ്റ് ഇനത്തിൽപ്പെട്ട കുരങ്ങുകളുടെ ഒരു ബാച്ചിനെയും നെയ്യാർ ഡാമിൽ നിന്നുള്ള ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബർ തുടക്കത്തിൽ മാനുകളെ മാറ്റാനുള്ള നടപടികൾ തുടങ്ങും. മാറ്റുന്ന പക്ഷികളും മൃഗങ്ങളും പുതിയ ആവാസവ്യവസ്ഥയുമായി ഇണങ്ങിച്ചേരുന്നതിനൊപ്പം ജീവനക്കാരുടെ മൃഗസംരക്ഷണം സംബന്ധിച്ച പരിശീലന നിലവാരവും വിലയിരുത്തും.
തൃശൂരിൽ നിന്നും മൃഗങ്ങളെ മാറ്റാൻ ആറ് മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ, നാല് മാസത്തിനുള്ളിൽ തന്നെ ഇവയെ മാറ്റാനുള്ള നടപടികൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
Most Read| ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു; രണ്ടു ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിച്ചു കാനഡ