തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർ ഫാസ്‌റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
സ്വകാര്യ ആശുപത്രികളിൽ ചികിൽസയ്‌ക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. ചികിൽസിക്കുന്ന ഡോക്‌ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്ത് പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു.
ജനങ്ങൾക്കുവേണ്ടിയുള്ള പ്രഖ്യാപനമാണിതെന്ന് ഗണേഷ് കുമാർ പറഞ്ഞു. യാത്ര തുടങ്ങുന്ന ഇടം മുതൽ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. നേരത്തെ ഫാസ്‌റ്റ് പാസഞ്ചർ ബസുകളിൽ ഈ സൗകര്യം ലഭിച്ചിരുന്നു. ഇതാണ് സൂപ്പർ ഫാസ്‌റ്റ് ബസുകളിലേക്കും വ്യാപിച്ചിരിക്കുന്നത് എന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി നഷ്‌ടം കുറച്ചുകൊണ്ടുവരികയാണെന്നും മന്ത്രി അറിയിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ