കീവ്: റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണമെന്നും, പ്രതിസന്ധിഘട്ടം തുടരുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുക്രൈനിൽ യുദ്ധം തുടങ്ങാൻ റഷ്യ നീക്കം നടത്തിയത് മുതൽ ഏറ്റവും കൂടുതൽ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് വന്ന ലോക നേതാക്കളിൽ ഒരാളാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. കൂടാതെ റഷ്യൻ പ്രകോപന പശ്‌ചാത്തലത്തിൽ പാരിസ് അഗ്രകൾച്ചർ ഫെയറിലേക്കുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം വെട്ടിച്ചുരുക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം യുദ്ധം മുറുകുന്ന സാഹചര്യത്തിൽ യുക്രൈനിലേക്ക് സഖ്യരാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ എത്താൻ തുടങ്ങിയെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി വ്യക്‌തമാക്കി. റഷ്യക്കെതിരായ പോരാട്ടത്തിൽ കൂടുതൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. യുദ്ധത്തിന്റെ മൂന്നാം ദിനമായ ഇന്ന് യുക്രൈനെതിരെ ശക്‌തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.
ഇന്ന് രാവിലെ മുതൽ യുക്രൈൻ തലസ്‌ഥാനമായ കീവിൽ 50ഓളം സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ 3,500ഓളം റഷ്യൻ സൈനികരെ വധിച്ചതായും 200ഓളം സൈനികരെ ജയിലിൽ അടച്ചതായും യുക്രൈൻ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
Read also: യുക്രൈൻ പൗരന്റെ കാറിന് മുകളിലൂടെ റഷ്യൻ ടാങ്ക് കയറി; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ