കൊച്ചി: വയനാട് പുനരധിവാസത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതോടൊപ്പം വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഈ തുക ഏതൊക്കെ പദ്ധതികളിൽ ഉപയോഗിച്ചുവെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുസംബന്ധിച്ച റിപ്പോർട് സമർപ്പിക്കാനും സംസ്ഥാനത്തിന് കോടതി നിർദ്ദേശം നൽകി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് എപ്പോൾ നൽകാനാകും എന്നതുൾപ്പടെ അറിയിക്കാനാണ് കോടതി നിർദ്ദേശിച്ചത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്ര സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസും പൊതുതാൽപര്യ ഹരജികളുമാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ