മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. നൂറുകണക്കിന് പേരാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽ നിന്ന് വീട്ടിലേക്ക് മാറ്റൂ എന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ, ജോലി, കടം എഴുതിത്തള്ളൽ തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കും തുടർനടപടികൾക്കുമായി പത്തംഗ കമ്മിറ്റിയും രൂപീകരിച്ചു. മൃതദേഹം വിലാപയാത്രയായി പക്കത്തെ വീട്ടിലെത്തിക്കും. ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചത്. സംസ്‌കാരം വൈകിട്ട് മൂന്നുമണിക്ക് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വയനാട് കളക്‌ടറേറ്റിന് മുന്നിൽ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ടു പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന നിലത്ത് വീണ പോളിന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. പോളിന്റെ വാരിയെല്ലുകൾ ഉൾപ്പടെ തകർന്നിരുന്നു. സമീപത്തു ജോലി ചെയ്‌തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവർ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു.
ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അടിയന്തിര ശസ്‌ത്രക്രിയ നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെയാണ് മരണം. മാനന്തവാടി പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്‌ചക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്. അജീഷിനെ കാട്ടാന ചവിട്ടിക്കൊന്ന സ്‌ഥലത്ത് നിന്ന് ഏഴ് കിലോമീറ്റർ മാത്രമകലെയാണ് പോൾ ആക്രമണത്തിനിരയായത്.
അഞ്ച് ആനകൾ ഉണ്ടായിരുന്നു. ഇവയിലൊന്നാണ് പോളിനെ ആക്രമിച്ചത്. അതേസമയം, ജില്ലയിൽ 17 ദിവസത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മൂന്ന് മുന്നണികളും ആഹ്വാനം ചെയ്‌ത ഹർത്താൽ വയനാട്ടിൽ തുടരുകയാണ്. ബസുകൾ ഒന്നും തന്നെ ഓടുന്നില്ല. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്.
ഇതുവരെ അനിഷ്‌ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ, താമരശേരി ചുരത്തിലും ലക്കിടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. മൂന്ന് മുന്നണികളും ഒരേ ദിവസം ഒരേ ആവശ്യത്തിനായി വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിക്കുന്നത് അപൂർവമാണ്. വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ ജനം രാഷ്‌ട്രീയത്തിന് അതീതമായി വയനാട്ടിലെ വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തുകയാണ്.
Most Read| ഇന്ത്യയുടെ കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം; ഇൻസാറ്റ് 3ഡിഎസ് വിക്ഷേപണം ഇന്ന്








































