തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്ളാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. പമ്പിങ് സെക്ഷൻ ചുമതലയുള്ള ഗ്ളാഡ്‌വിൻ, യൂജിൻ എന്നീ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുത്തത്.
കഴിഞ്ഞ ബുധനാഴ്‌ച പുലര്‍ച്ചെയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്ളാസ് ഫര്‍ണസ് പൈപ്പ് തകര്‍ന്ന് 5000 ലിറ്ററോളം ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയത്. വെട്ടുകാട് മുതല്‍ വേളി വരെ രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ കടലില്‍ എണ്ണ പരന്നു.
കടലിലേക്ക് എണ്ണ ഒഴുകിയെത്തുന്നത് കണ്ട മല്‍സ്യ തൊഴിലാളികളാണ് ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചത്. അപ്പോഴേക്കും തീരത്താകെ ഓയില്‍ പടര്‍ന്നിരുന്നു. സൾഫർ ഉൾപ്പെടെ രാസവസ്‌തുക്കൾ കലർന്ന എണ്ണയായതിനാൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. എണ്ണയുടെ അംശം പൂർണമായും നീക്കിയ ശേഷം വീണ്ടും കമ്പനി തുറന്നു പ്രവർത്തിച്ച് തുടങ്ങി.
Read also: പണം തട്ടിയെടുത്തെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിന് എതിരെ കേസ്