ടൈറ്റാനിയത്തിലെ എണ്ണ ചോർച്ച; ഭയപ്പെടേണ്ട സാഹചര്യമില്ല; സ്‌ഥിതി നിയന്ത്രണവിധേയം; കളക്‌ടർ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി ഫർണസ് ഓയിൽ കടലിലേക്ക് പടർന്ന സംഭവത്തിൽ സ്‌ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്‌ടർ ഡോ.നവ്‌ജ്യോത് ഖോസ. പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരവും, ഇവിടങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു കടലിൽ പോകുന്നതും നിരോധിച്ചതായും കളക്‌ടർ അറിയിച്ചു. കളക്‌ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥ സംഘം എണ്ണച്ചോർച്ചയുണ്ടായ മേഖലകൾ സന്ദർശിച്ചു.

ഇന്ന് പുലർച്ചെ 12 മണിയോടെയാണ് ഫർണസ് ഓയിൽ ചോരുന്നതായി കണ്ടെത്തിയത്. പൈപ്പ് പൊട്ടി ഓയിൽ ഓടവഴി ഫാക്‌ടറിക്ക് പിന്നിലുള്ള കടൽ തീരത്തേക്ക് ഒഴുകുകയായിരുന്നു. ചോർച്ചയുടെ ഉൽഭവ സ്‌ഥാനം കണ്ടെത്തി ഉടൻ തന്നെ അടക്കാൻ കഴിഞ്ഞതിനാൽ വലിയ തോതിൽ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാൻ കഴിഞ്ഞതായി കളക്‌ടർ പറഞ്ഞു.

എണ്ണ ചോർച്ചയുടെ വ്യാപ്‌തിയും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സസൂക്ഷ്‌മം വിലയിരുത്തുന്നുണ്ട്. കടലിലേക്ക് എണ്ണ എത്രത്തോളം പരന്നൊഴുകിയിട്ടുണ്ടെന്നു കോസ്‌റ്റ് ഗാർഡും ഓരോ മണിക്കൂറിലും പരിശോധന നടത്തി വരികയാണ്.

വേലിയേറ്റ സമയം അല്ലാത്തതിനാൽ എണ്ണ വലിയ തോതിൽ കടലിൽ പരന്നിട്ടില്ലെന്നാണു കോസ്‌റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാൽ, തീരക്കടലിൽ എണ്ണ വ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ തീരത്തെ മണ്ണിലും ഇതു കലർന്നിട്ടുണ്ട്. തിരമാലകൾക്കൊപ്പം എണ്ണ സമീപ പ്രദേശങ്ങളിലെ മണ്ണിലേക്കു കലരുന്നതിനാലാണിത്. എണ്ണ കലർന്ന മേൽമണ്ണ് പ്രദേശത്ത് നിന്ന് ഉടൻ നീക്കം ചെയ്യുമെന്നു കളക്‌ടർ അറിയിച്ചു.

വെട്ടുകാട് മുതൽ വേളി വരെയാണ് ഇപ്പോൾ എണ്ണ പടർന്നിരിക്കുന്നത്. ഈ മണൽ കമ്പനിയുടെതന്നെ സ്‌ഥലത്തേക്ക് ജെസിബി ഉപയോഗിച്ചു നീക്കം ചെയ്‌ത്‌ ഓയിൽ ന്യൂട്രിലൈസർ ഉപയോഗിച്ച് എണ്ണ നിർവീര്യമാക്കും. അതിവേഗത്തിൽ ഇതു പൂർത്തിയാക്കാൻ കമ്പനിക്കു കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളിൽ ആദ്യമെന്ന നിലക്കാകും മണ്ണ് നീക്കംചെയ്യുക. തീരക്കടലിൽ വ്യാപിച്ചിരിക്കുന്ന ഓയിൽ നീക്കം ചെയ്യുന്നത് സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോർഡ് വിദഗ്‌ധരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും കളക്‌ടർ പറഞ്ഞു.

Also Read: 74 താൽകാലിക ജീവനക്കാർക്ക് സ്‌ഥിര നിയമനം; ശുപാർശ മന്ത്രിസഭ അംഗീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE