ന്യൂഡെൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര് നേതൃ സ്ഥാനങ്ങളൊഴിയും. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ നാളെ രാജി പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്.
പരാജയം അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിലായിരിക്കും രാജി പ്രഖ്യാപനം. ദേശീയ മാദ്ധ്യമങ്ങളാണ് നിര്‍ണായക തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. യോഗം നാളെ വൈകിട്ട് നാലിന് ഡെൽഹിയിലെ എഐസിസി ഓഫിസിൽ ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ഗാന്ധി കുടുംബത്തിലെ മൂന്നുപേരുടെയും രാജി സന്നദ്ധതയോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് നാളെ അറിയാം. മുൻപ് സോണിയയും രാഹുലും രാജി സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ എല്ലാം സാധാരണയായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ ഇത് തള്ളുകയും ഗാന്ധിമാർക്കുള്ള പിന്തുണ പുതുക്കുകയും ആണ് ചെയ്യാറ്. എന്നാൽ ഇത്തവണ സ്ഥിരം അംഗങ്ങൾ മുതൽ പ്രത്യേക ക്ഷണിതാക്കൾ വരെയുള്ള 56 അംഗങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ ചിലർ മാറ്റം ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ പറയുന്നു.
ഇത്തവണ സ്ഥിതി സമാനമല്ലെന്ന് ഗാന്ധി കുടുംബത്തിനും അറിയാം. അവരുടെ പിൻമാറ്റം പാർട്ടിയെ ശക്തിപ്പെടുത്തുന്ന നേതാക്കൾക്ക് അവസരമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. അന്നുമുതൽ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി പ്രവർത്തിച്ചതോടെ പാർട്ടിക്ക് സ്ഥിരമായ പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Most Read: ഫോൺ ചോർത്തൽ; ദേവേന്ദ്ര ഫഡ്നാവിസിന് മുംബൈ പോലീസിന്റെ നോട്ടീസ്