ന്യൂഡെൽഹി: ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ 30 വയസുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി. വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും മുൻ സുരക്ഷാ ജീവനക്കാരായ രണ്ട് പേരും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്നു യുവതി. ടാക്സി ഡ്രൈവറായ യുവതിയുടെ ഭർത്താവ് ജോലിക്ക് പോയ നേരത്താണ് പീഡനം നടന്നതെന്ന് പോലീസ് പറയുന്നു. യുവതിയുടെ സുഹൃത്തിന്റെ ബന്ധു ഇരുപത് ദിവസത്തോളമായി ആശുപത്രിയിൽ ചികിൽസയിലാണ്. അവർക്കൊപ്പം കൂട്ടിരിക്കാൻ എത്തിയതായിരുന്നു യുവതി. കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന യുവതിയെ പ്രതികൾ സമീപിക്കുകയും ഇവിടെ നിൽക്കാൻ പാടില്ലെന്ന് പറയുകയും ചെയ്തു. ആശുപത്രിക്ക് പുറകിലുള്ള പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങാമെന്നും ഇവർ യുവതിയെ പറഞ്ഞ് ധരിപ്പിച്ചു.
തുടർന്ന് പാർക്കിങ് ഏരിയയിലേക്ക് പോയ യുവതിയുടെ പിന്നാലെയെത്തിയ പ്രതികൾ ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ അന്വേഷിച്ചു വന്നപ്പോഴാണ് ഭയന്ന് വിറച്ച നിലയിൽ യുവതിയെ പാർക്കിങ് ഏരിയയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ യുവതി തിരിച്ചറിഞ്ഞു.
തുടർന്ന് മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ജീവനക്കാരായ കൻവാർ പാൽ (33), പ്രവീൺ തിവാരി (26), മനീഷ് (22) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരെയും സുരക്ഷാ ജീവനക്കാരെ വാടകക്ക് നൽകുന്ന സ്ഥാപനത്തിൽ നിന്ന് കരാറടിസ്ഥാനത്തിൽ നിയമിച്ചതാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് കുമാർ മിശ്ര വ്യക്തമാക്കി. ആശുപത്രി അധികൃതർ സംഭവത്തിൽ വിശദീകരണം നൽകിയിട്ടില്ല. പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂ എന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പിഎസ് ഖടാന പറഞ്ഞു.
Also Read: കർഷകനിയമത്തിൽ പ്രതിഷേധം ശക്തം; നാളെ ദേശവ്യാപക സമരം








































