ഗൗതം മേനോനും ജിവി പ്രകാശ് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ‘സെൽഫി‘യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാർഥികളുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം.
മതി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും നിറക്കുന്ന ട്രെയ്‌ലറാണ് അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
‘കൺഫെഷൻസ് ഓഫ് ആൻ എൻജിനീയർ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രകാശ് കുമാറും ചിത്രത്തിൽ മുഖ്യ വേഷത്തിലുണ്ട്.
വരുമാനത്തിന് വേണ്ടി മാനേജ്മെന്റ് സീറ്റുകളിലേക്ക് എഞ്ചിനീയറിങ് വിദ്യാർഥികളെ ആകർഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന കഥാപാത്രത്തെയാണ് പ്രകാശ് കുമാർ അവതരിപ്പിക്കുന്നത്. ഇതേ ബിസിനസ് വർഷങ്ങളായി ചെയ്യുകയാണ് ഗൗതം മേനോന്റെ കഥാപാത്രം. ഇരുവർക്കുമിടയിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

വിഷ്‌ണു രംഗസാമി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ വർഷ ബൊല്ലമയാണ് നായികയായെത്തുന്നത്. വാഗൈ ചന്ദ്രശേഖർ, ഡി ജി ഗുണനിധി, തങ്കദുരൈ, സുബ്രഹ്‌മണ്യം ശിവ, സാം പോൾ, വിദ്യ പ്രദീപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: മുഖത്തെ കരുവാളിപ്പ് മാറ്റണോ? പരീക്ഷിക്കാം ഈ അഞ്ച് ഫേസ്‌പാക്കുകൾ






































