ജറുസലേം: ഗാസയിലെ സമ്പൂർണ വെടിനിർത്തൽ ലോകം കുറച്ചുനാളുകളായി സ്വപ്‌നം കാണുന്നതാണ്. വെടിനിർത്തൽ കരാറിന്റെ കരടുരേഖ മധ്യസ്‌ഥരായ ഖത്തർ ഇസ്രയേലിനും ഹമാസിനും കൈമാറിയെന്ന റിപ്പോർട്ടുകൾ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ലോകത്തിന് നൽകുന്നത്. 15 മാസമായി നീണ്ട ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക ഘട്ടമാണിത്.
ഗാസയിലെ വെടിനിർത്തലും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരുടെ മോചനവുമാണ് പ്രധാനം ലക്ഷ്യം. അന്തിമ കരാറിൽ ഇരുകൂട്ടരും ഒപ്പുവെച്ചാൽ സമാധാനത്തിന്റെ വെളിച്ചം ലോകത്തിന് മുന്നിൽ പതിയെ തുറക്കും. യുഎസിൽ ട്രംപ് അധികാരമേൽക്കുന്നതിന് മുന്നോടിയായാണ് തിരക്കിട്ട നീക്കം. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായതായി ഉദ്യോഗസ്‌ഥരും അറിയിച്ചു.
കരടിലെ പ്രധാന തീരുമാനങ്ങൾ
ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ മോചിപ്പിക്കും. കുട്ടികൾ, സൈനികരുൾപ്പടെയുള്ള സ്‌ത്രീകൾ, 50ന് മുകളിൽ പ്രായമുള്ള പുരുഷൻമാർ, പരിക്കേറ്റവർ, അസുഖ ബാധിതർ തുടങ്ങിയവരെയാണ് ആദ്യം മോചിപ്പിക്കുക. ബന്ദികളിൽ ഭൂരിഭാഗവും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ കരുതുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ ഹമാസ് ഔദ്യോഗിക സ്‌ഥിരീകരണം നൽകിയിട്ടില്ല. ആദ്യഘട്ട ബന്ദിമോചനം കരാർപ്രകാരം നടന്നാൽ, കരാർ നിലവിൽ വന്ന 16ആം ദിവസം മുതൽ രണ്ടാംഘട്ട ബന്ദി മോചനത്തിനായുള്ള ചർച്ചകൾ തുടങ്ങും. ഹമാസ് തടവിലുള്ള സൈനികർ, മറ്റ് പുരുഷൻമാർ, കൊല്ലപ്പെട്ടവരുടെ മൃതദേഹം എന്നിവ കൈമാറുന്നതാണ് രണ്ടാംഘട്ടം.
സൈനിക പിൻമാറ്റം
ഗാസയുമായുള്ള അതിർത്തി നഗരങ്ങളിലും ഗ്രാമങ്ങളിലും സൈന്യത്തെ നിലനിർത്തി മറ്റു ഭാഗങ്ങളിൽ നിന്ന് ഇസ്രയേൽ സേന ഘട്ടംഘട്ടമായി പിൻവാങ്ങും. ഗാസയുടെ തെക്കൻ മുനമ്പായ ഫിലാഡെൽഫി ഇടനാഴിയിൽ പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കും. കരാറിന്റെ ഏതാനും ദിവസങ്ങൾക്ക് ശേഷം ഫിലാഡെൽഫി ഇടനാഴിയുടെ ഭാഗങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻമാറും.
രണ്ടാംഘട്ടത്തിൽ ഉത്തര ഗാസയിലെ ജനങ്ങളെ തിരികെ പ്രവേശിപ്പിക്കും. ഇവർ സായുധരാണെന്ന് ഉറപ്പാക്കും. മധ്യ ഗാസയിലെ നെറ്റ്‌സരിം ഇടനാഴിയിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻമാറും. കൊലക്കുറ്റത്തിനും ആക്രമണങ്ങൾക്കും ശിക്ഷിക്കപ്പെട്ട പലസ്‌തീൻ തടവുകാരെ മോചിപ്പിക്കും. വിട്ടുകിട്ടുന്ന ബന്ദികളുടെ എണ്ണത്തെ ആശ്രയിച്ചാകും എത്ര പലസ്‌തീൻ തടവുകാരെ മോചിപ്പിക്കണമെന്ന തീരുമാനം. അതേസമയം, ഒക്‌ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തിന്റെ ഭാഗമായ ഹമാസ് പ്രവർത്തകരെ മോചിപ്പിക്കില്ല.
സഹായം വർധിപ്പിക്കൽ
ഗാസയ്‌ക്കുള്ള മനുഷ്യത്വപരമായ സഹായത്തിൽ വലിയ വർധനവുണ്ടാകും. ഗാസ ജനത വലിയ മനുഷ്യാവകാശ പ്രതിസന്ധി നേരിടുന്നതായി യുഎൻ ഉൾപ്പടെയുള്ള രാജ്യാന്തര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയിലേക്ക് സഹായമെത്തിക്കാൻ ഇസ്രയേൽ അനുമതി നൽകും. അതേസമയം, യുദ്ധത്തിനും വെടിനിർത്തലിനും ശേഷം ഗാസയെ ആരാണ് ഭരിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്‌തത വന്നിട്ടില്ല. ഇക്കാര്യം വെടിനിർത്തൽ ചർച്ചകളിൽ ഉയർന്നിട്ടില്ല.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം