കയ്റോ: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കും. അതിനിടെ, ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻമാറിത്തുടങ്ങി.
ഗാസയിലെ പല പ്രദേശങ്ങളിലായി കഴിയുന്ന പതിനായിരക്കണക്കിന് പലസ്തീൻകാർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗാസയിലെ ഏതാനും സ്ഥലങ്ങളിൽ സാന്നിധ്യം തുടരുമെന്ന് അറിയിച്ച ഇസ്രയേൽ സൈന്യം, തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചതിന് പിന്നാലെ ഗാസ സമയം ഉച്ചയ്ക്ക് 12നാണ് വെടിനിർത്തൽ നിലവിൽ വന്നത്. അതുവരെ ഉണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 17 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
മുൻപ് കൊല്ലപ്പെട്ട ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. അതിനിടെ, ഗാസയിലേക്ക് ഉടൻ സഹായം എത്തിയില്ലെങ്കിൽ കുട്ടികളുടെ കൂട്ടമരണം സംഭവിക്കുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി.
24 മണിക്കൂറിനുള്ളിൽ എല്ലാ ആക്രമണങ്ങളും നിർത്താനുള്ള കരാറിന് രാവിലെയാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. അതുമുതൽ 72 മണിക്കൂറിനുള്ളിൽ, ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽകാരെയും തുടർന്ന് ഇസ്രയേൽ ജയിലിലുള്ള പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു.
വെടിനിർത്തൽ നിരീക്ഷിക്കാൻ അറബ് രാജ്യങ്ങളിൽ നിന്നുള്ള 200 സൈനികരെ ഗാസയിൽ നിയോഗിക്കും. ഗാസയിലെ നാളെ മുതൽ സഹായങ്ങൾ എത്തിക്കാൻ യുഎന്നിന് ഇസ്രയേൽ അനുമതി നൽകിയിട്ടുണ്ട്. 1.7 ടൺ സാധന സാമഗ്രികൾ വിതരണത്തിന് യുഎസിന് സജ്ജമാക്കി.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്